'അങ്ങനെ പ്രസംഗിച്ചിട്ടില്ല, സംഭവിച്ചത് നാക്കുപിഴ; സുധാകരനെ വധിക്കാന്‍ പിണറായി ആളെ വിട്ടെന്ന വെളിപ്പെടുത്തല്‍ മുക്കാനുള്ള സിപിഎം അടവ്'

ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിയാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍
ബി ആര്‍ എം ഷഫീര്‍
ബി ആര്‍ എം ഷഫീര്‍

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിയാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍. അങ്ങനെ സംഭവിച്ചിട്ടില്ല. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ സംഭവിച്ചത് നാക്കുപിഴയാണ്. നിയമ പോരാട്ടമാണ് ഉദ്ദേശിച്ചത്. അല്ലാതെ പൊലീസിനെ സ്വാധീനിക്കാന്‍ കെ സുധാകരന്‍ ശ്രമിച്ചു എന്നല്ല ഉദ്ദേശിച്ചതെന്നും ബി ആര്‍ എം ഷഫീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

'കെ സുധാകരനെ കേസില്‍പ്പെടുത്തുന്നതിനെതിരായി വമ്പിച്ച പൊതുയോഗം ഉണ്ടായിരുന്നു. മുഖ്യപ്രഭാഷകനായി ഞാനും പങ്കെടുത്തു. 2021ല്‍ പാനൂര്‍ സ്വദേശിയായ മന്‍സൂര്‍ എന്ന മുസ്ലീം യൂത്ത് ലീഗ് നേതാവിനെ വെട്ടിക്കൊന്നു.എഫ്‌ഐആര്‍ എടുത്തില്ല. പ്രതികളെ പിടിക്കുന്നില്ല. കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം, പ്രകടനം, ബഹളം. ആ പോരാട്ടമാണ് പറഞ്ഞുവരുന്നത്. മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പോയി അവരെ വിരട്ടിയിട്ടായാലും ശരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ചാര്‍ജ് കൊടുക്കണം, പ്രതികളെ പിടിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറയാനാണ് ഞാന്‍ ഉദ്ദേശിച്ചത്. അപ്പോഴാണ് കുട്ടിയുമായി അമ്മ വന്നുകയറിയത്. അപ്പോള്‍ ഫ്‌ളോ നഷ്ടപ്പെട്ടു.'- ഷഫീര്‍ പറഞ്ഞു.

'പിന്നീടാണ് ഷുക്കൂര്‍ കേസ് പറഞ്ഞത്. അരിയില്‍ ഷുക്കൂര്‍ കേസിലും ഉമ്മയ്ക്കും മകനും നീതി ലഭിക്കുന്നതിന് വേണ്ടിഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി സിബിഐ അന്വേഷണത്തിന് വേണ്ടി കെ സുധാകരന്‍ നടത്തിയ പോരാട്ടവും പിന്തുണയും ഞാന്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് രണ്ടും കൂടി ക്ലബ് ചെയ്തിട്ടാണ് പുതിയ ഒരു വിവാദവുമായി വന്നിരിക്കുന്നത്. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പി ജയരാജനെ പ്രതിയാക്കുന്നതിന് കെ സുധാകരന്‍ ഏതെങ്കിലും തരത്തില്‍ ഭീഷണി മുഴക്കിയതായിട്ടോ പി ജയരാജനെ പ്രതിയാക്കുന്നതില്‍ സുധാകരന് ബന്ധമുള്ളതായിട്ടോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല'- ഷഫീറിന്റെ വാക്കുകള്‍.

'നിയമ പോരാട്ടമാണ് ഉദ്ദേശിച്ചത്. അല്ലാതെ പൊലീസിനെ വിരട്ടിയിട്ട് പി ജയരാജനെ പ്രതിയാക്കിയത് കെ സുധാകരനാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കെ സുധാകരനെ കൊല്ലാന്‍ പിണറായി വിജയന്‍ ആളെ വിട്ടെന്നും കൊലപാതക സംഘത്തില്‍ അഞ്ചാം പത്തി ഉണ്ടായിരുന്നത് കൊണ്ട് മാത്രം സുധാകരന്‍ രക്ഷപ്പെട്ടു എന്നുമുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുക്കാന്‍ സിപിഎം ബോധപൂര്‍വ്വം പത്രസമ്മേളനം നടത്തിയതാണ്. എനിക്ക് യഥാര്‍ഥത്തില്‍ നാക്കുപിഴയാണ് സംഭവിച്ചത്. സുധാകരനെ വധിക്കാന്‍ പിണറായി ആളെ വിട്ടെന്ന വെളിപ്പെടുത്തല്‍ മുക്കാനുള്ള സിപിഎം അടവായിരുന്നു അത്. നാക്കുപിഴയുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നവരാണോ സിപിഎമ്മുകാര്‍'- ഷഫീര്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com