ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കാസർകോട് കോളജുകൾക്ക് അവധിയില്ല; മൂന്ന് സർവകലാശാലകൾ പരീക്ഷകൾ മാറ്റി 

എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർമാർ നിർദേശിച്ചു. 

ഇടുക്കി

ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് / കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 

എറണാകുളം

എറണാകുളം ജില്ലയിൽ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. 

കോട്ടയം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് കലക്ടർ ഉത്തരവിട്ടു.  അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു.

തൃശൂർ

രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയായതിനാൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയാണ് കലക്ടർ അറിയിച്ചു. പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും മഴയത്ത് കളിക്കാനോ വെള്ളത്തിൽ ഇറങ്ങാനോ നിക്കരുതെന്നും കലക്ടർ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. 

കണ്ണൂർ

കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( അംഗനവാടി , ICSE/CBSE സ്കൂളുകൾ , മദ്രസകൾ എന്നിവയടക്കം ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കലക്ടർ അറിയിച്ചു. കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി.

കാസർകോട് 

അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജുകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ

കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. 

പത്തനംതിട്ട

ജില്ലയിൽ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com