സുരേന്ദ്രനു പകരം മുരളീധരന്‍ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും?

മന്ത്രിയാക്കിയ ശേഷം സുരേഷ് ഗോപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് വിജയ സാധ്യത കൂട്ടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു
വി മുരളീധരനും സുരേഷ് ഗോപിയും/ഫയല്‍
വി മുരളീധരനും സുരേഷ് ഗോപിയും/ഫയല്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തില്‍ ബിജെപി അധ്യക്ഷനാവുമെന്ന് സൂചന. മുരളീധരനു പകരം നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വം ധാരണയില്‍ എത്തിക്കഴിഞ്ഞതായി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ അധ്യക്ഷന്മാരെ നിയമിച്ചിരുന്നു. ഇന്നോ നാളെയോ ആയി കൂടുതല്‍ സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വത്തെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തെലങ്കാനയില്‍ കേന്ദമന്ത്രി ജി കിഷന്‍ റെഡ്ഢിയെ അധ്യക്ഷനാക്കിയതോടെയാണ് കേരളത്തിലും സമാനമായ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത്. കെ സുരേന്ദ്രനു പകരം മുരളീധരന്‍ അധ്യക്ഷനായെത്തുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ സുരേന്ദ്രനു പകരം എന്തു ചുമതല നല്‍കും എന്നതില്‍ വ്യക്തത വന്നിട്ടില്ല.

കേന്ദ്ര മന്ത്രിസഭയില്‍ പുനസ്സംഘടനയുണ്ടാവുമെന്ന സൂചനകള്‍ നേരത്തെ തന്നെ ശക്തമാണ്. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബിജെപി അധ്യക്ഷനായി നിയോഗിച്ചതോടെ ഇത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമായിരിക്കും പുനസ്സംഘടന. കേരളത്തില്‍നിന്ന് മുരളീധരനു പകരം സുരേഷ് ഗോപി മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയാക്കിയ ശേഷം സുരേഷ് ഗോപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് വിജയ സാധ്യത കൂട്ടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. തൃശൂരില്‍നിന്നായിരിക്കും സുരേഷ് ഗോപി ജനവിധി തേടുക.

നാലു സംസ്ഥാനങ്ങളില്‍നിന്നായി ഒഴിവു വരുന്ന പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 24ന് തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഇതില്‍ ജയം ഉറപ്പുള്ള സീറ്റില്‍ സുരേഷ് ഗോപിയെ നിര്‍ത്താനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com