'മഴ പെയ്യുമ്പോഴേ നാം എന്തുകൊണ്ടാണിപ്പോള്‍ പ്രളയം എന്നു പറഞ്ഞു നിലവിളിക്കുന്നത്?'

ജലംകൊണ്ടു മുറിവേല്ക്കേണ്ടവരല്ലല്ലൊ മലയാളികൾ
ഫോട്ടോ: എ സനേഷ്
ഫോട്ടോ: എ സനേഷ്

ഴ കനത്തതോടെ പ്രളയ പ്രതീതി ഉളവാക്കുന്ന വാര്‍ത്തകളില്‍ മുങ്ങുകയാണ് മാധ്യമങ്ങള്‍. മഴക്കാലമാവുമ്പോള്‍ മലയാളി കതകടച്ച് പ്രളയഭീതിയില്‍ കഴിയുന്ന സാഹചര്യമാണ് ചുറ്റിലും.  മഴയെ ഇങ്ങനെ തന്നെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന് ചിന്തിക്കുകയാണ് എഴുത്തുകാരനായ മനോജ് കുറൂര്‍ ഈ കുറിപ്പില്‍. ''വെള്ളം കേരളത്തിന്റെ അഴകാണ്; കരുത്താണ്; വേരുകളിലേക്കു പകര്‍ന്ന് ചില്ലകളിലേക്കു പടരുന്ന തഴപ്പാണ്.''- മനോജ് കുറൂര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കുറിപ്പു വായിക്കാം:

ജലംകൊണ്ടു മുറിവേൽക്കണോ?

-------------------------------------------------------

മഴ കനത്തുതുടങ്ങുന്നു. മാധ്യമങ്ങളിൽ പ്രളയത്തിന്റെയും ദുരിതത്തിന്റെയും വാർത്തകൾ നിറയുന്നു. അവയ്ക്ക് ആമുഖമായി വെള്ളം കുതിച്ചൊഴുകുന്നതിന്റെയും വഴികൾ മൂടുന്നതിന്റെയും മതിലുകൾ ഇടിഞ്ഞുവീഴുന്നതിന്റെയും ചടുലലദൃശ്യങ്ങൾ സംയോജിപ്പിച്ച് പ്രളയാന്തരീക്ഷം സൃഷ്ടിക്കുന്നു. ആളുകൾ മഴക്കാറു കാണുമ്പോഴേ ഭയന്നുതുടങ്ങുന്നു. മഴ പെയ്യുമ്പോഴേ നാം എന്തുകൊണ്ടാണിപ്പോൾ പ്രളയം എന്നു പറഞ്ഞു നിലവിളിക്കുന്നത്?

വെള്ളം കേരളത്തിന്റെ അഴകാണ്; കരുത്താണ്; വേരുകളിലേക്കു പകർന്ന് ചില്ലകളിലേക്കു പടരുന്ന തഴപ്പാണ്. പകുത്ത ഒരു പാവയ്ക്കയുടെ ആകൃതിയിൽ ആകാശക്കാഴ്ചയിൽപ്പോലും കരിംപച്ച നിറത്തിൽ ഈ നാടു വേറിട്ടു കാണുന്നെങ്കിൽ അതിനു മൂലകാരണം ജലമാണ്. നാല്പത്തിനാലു പുഴകളും അവയുടെ എണ്ണമറ്റ കൈവഴികളും തോടുകളും കുളങ്ങളും തടാകങ്ങളും അതിരു കാക്കുന്ന കടലലകളും ചേർന്ന ജലവ്യൂഹത്തിനുള്ളിലെ തുരുത്തുകളെയെല്ലാം ചേർത്താണു കേരളം എന്നു നാം പറഞ്ഞുപോരുന്നത്. ജലം തരുന്ന സമൃദ്ധിയുടെ ഊറ്റത്തിലാണു നാം വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും കണക്കുകൾ പറയുന്നത്.

ചൈനയിൽനിന്ന് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെത്തിയ മാഹ്വാനെപ്പോലെയുള്ള പഴയ ചില വിദേശസഞ്ചാരികൾ ഇവിടെ വേനലെന്നും മഴയെന്നും രണ്ട് ഋതുക്കളുള്ളതായാണു പറയുന്നത്. മറ്റു കാലങ്ങളെല്ലാം ഇവയുടെ പരിണാമഭേദങ്ങൾ മാത്രം. മഴ നമ്മുടെ പകുതിക്കാലത്തെത്തന്നെ നിർണയിക്കുന്നു. ജീവിതത്തിന്റെ ഭാഗമായ മഴയെ ഭയക്കേണ്ട കാര്യമില്ല. മഴക്കാലം വരുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് മലയാളിക്കറിയാം. നീന്തലും തുഴയലും പഠിച്ചാൽ സാധാരണ ഒരു മഴക്കാലം കഴിച്ചു കൂട്ടാനും അതിനപ്പുറം അതിനെ ജലോത്സവകാലമാക്കാനും ഒരു ബുദ്ധിമുട്ടുമില്ല. ഉരുൾപൊട്ടൽ പോലെന്തെങ്കിലും ഉണ്ടാകുമ്പോൾ മാത്രമായിരുന്നു കരുതൽ കാണിക്കേണ്ടിയിരുന്നത്.

എങ്കിലും ചില വെള്ളപ്പൊക്കങ്ങൾ കേരളത്തിന്റെ ചരിത്രത്തെ ഗതിമാറ്റിയൊഴുക്കിയിട്ടുണ്ട്. കാലത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചാൽ കൊല്ലവർഷം 1099(പൊതുവർഷം 1924)ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ഭീകരത ഇന്നും പഴമക്കാരുടെയുള്ളിലുണ്ട്. ടിപ്പു സുൽത്താനെ തിരുവിതാംകൂറിലേക്കു കടക്കുന്നതിൽനിന്നു തടഞ്ഞത് ആലുവാപ്പുഴയിലുണ്ടായ വെള്ളപ്പൊക്കമാണല്ലൊ. ടിപ്പുവിനെ തടയാൻ കൊച്ചിയും തിരുവിതാംകൂറും അണമുറിച്ച് ഉണ്ടാക്കിയെടുത്ത വെള്ളപ്പൊക്കമാണതെന്നും പറയാറുണ്ട്. 1341ൽ പെരിയാറ്റിലുണ്ടായ വെള്ളപ്പൊക്കമാണ് കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ പ്രാധാന്യം കുറയാനും കൊച്ചിയുടെ കരുത്തു കൂടാനും ഇടയാക്കിയത്. നാട്ടുരാജ്യങ്ങളെ വലിയ ആക്രമണങ്ങളിൽനിന്നു രക്ഷിച്ചതു പലപ്പോഴും വെള്ളപ്പൊക്കങ്ങളാണ്. വൈപ്പിൻ പോലെയുള്ള ചില കരകൾ പൊങ്ങിവന്നതും വെള്ളപ്പൊക്കത്തെത്തുടർന്നാണ് എന്നാണു കരുതപ്പെടുന്നത്.

2018ലെ വെള്ളപ്പൊക്കം മുതലാണ് പ്രളയം എന്ന വാക്ക് ഇത്രയേറെ പ്രചുരമായത്. അണക്കെട്ടു തുറന്നുവിടുമ്പോൾ വെള്ളം കുതിച്ചൊഴുകിപ്പരക്കുന്ന ദൃശ്യങ്ങളാണ് അതിനകമ്പടിയായത്. തീർച്ചയായും അതു വലിയൊരു വെള്ളപ്പൊക്കമായിരുന്നു. അതിന്റെ ദുരന്തങ്ങളും കടുപ്പമേറിയതായിരുന്നു. അതിനെയൊന്നും വിലകുറച്ചു കാണുന്നതേയില്ല. എങ്കിലും വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കുറയ്ക്കാൻ എത്രയോ കാര്യങ്ങൾ മുൻകരുതലായി ചെയ്യാവുന്നതാണ്! വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ പാകത്തിന് ജലസഞ്ചാരം സുഗമമാവുക എന്നതാണു പ്രധാനം. വഴിയോരങ്ങളിലുണ്ടായിരുന്ന തോടുകൾ മിക്കതും നികന്നുപോയി; ഇപ്പോൾ ഓടകൾപോലുമില്ലാത്ത നിലയിലായി. ആറുകൾക്കുപോലും ഒഴുക്കു തടസ്സപ്പെടുന്നു. വെള്ളക്കെട്ടുകൾ മൂലം വണ്ടികൾക്കും ആളുകൾക്കും സഞ്ചരിക്കാനാവാത്ത അവസ്ഥയുണ്ടാകുന്നു.

വഴിയോരങ്ങളിലെ ഓടകളും തോടുകളും ആറുകളും തമ്മിൽ നേരത്തെയുണ്ടായിരുന്ന ബന്ധം പുന: സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കരുതോ? തോടുകൾ നികത്തുന്നതിനുപകരം കലുങ്കുകൾ നിർമ്മിക്കരുതോ? ജലഗതാഗതം എന്ന ആനന്ദസഞ്ചാരത്തിനു വഴിയൊരുക്കരുതോ? ബയോ ടോയ്‌ലറ്റുകളുള്ള, മോട്ടർ ഒഴിവാക്കി പങ്കായംകൊണ്ടു തുഴയാവുന്ന കെട്ടുവള്ളങ്ങൾ പരിസ്ഥിതിപ്രശ്നങ്ങളില്ലാതെതന്നെ വിനോദസഞ്ചാരത്തിനു പോലും പാകപ്പെടുത്തിയെടുക്കരുതോ?

കേരളത്തിലെ ജലാശയങ്ങളെല്ലാം പരസ്പരം ബന്ധിപ്പിച്ച് വെള്ളത്തിന്റെ സ്വാഭാവികസഞ്ചാരത്തിനു വഴിയൊരുക്കിയാൽ അവയിലൂടെ മനുഷ്യസഞ്ചാരവും സുഗമമാകും. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ വലിയ തോതിൽ കുറയ്ക്കാനാകും. മഴക്കാലം ജലോത്സവകാലമാകും. ചെറിയ മഴകൾ വരുമ്പോഴേ കതകടച്ച് ടിവിയിൽ കാണുന്ന പ്രളയത്തിൽ നിലവിളിക്കുന്ന സാഹചര്യം ഇല്ലാതാകും. പ്രളയം എന്ന വാക്ക് വലിയ വെള്ളപ്പൊക്കത്തെ മാത്രം വിളിക്കാനുള്ള പേരാണ്. കഴിവതും അങ്ങനെയൊരവസ്ഥ ഇല്ലാതാക്കാൻ കൃത്യമായ ഒരു പ്ലാനിങ്ങിനു കഴിയും. മഴ വരുമ്പോൾ മാത്രമേ കുടയന്വേഷിക്കൂ എന്ന മനോഭാവം മാറ്റിയാൽ എല്ലാം ശരിയാകും. ജലംകൊണ്ടു മുറിവേല്ക്കേണ്ടവരല്ലല്ലൊ മലയാളികൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com