വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി; വിവരങ്ങൾ ലഭിച്ചത് ​ഗൂ​ഗിളിന്റെ സഹായത്തോടെ 

അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്ന് കണ്ടെടുത്തു
വിദ്യ/ ഫെയ്സ്ബുക്ക്
വിദ്യ/ ഫെയ്സ്ബുക്ക്

പാലക്കാട് : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്ന് കണ്ടെടുത്തു. ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന് വിദ്യ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 

വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതെ തുടർന്ന് ഗൂഗിളിന്റെ സഹായത്തോടെയാണ് പാലാരിവട്ടത്തെ കഫേയിൽ നിന്നും ഇത് സംബന്ധിക്കുന്ന വിവരങ്ങൾ കണ്ടെടുത്തത്. ഗവേഷണ സാമഗ്രികളുടെ കേ‍ാപ്പി, ബൈൻ‌ഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പെ‍ാലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മെ‍ാഴി അന്വേഷണസംഘം രേഖപ്പെടുത്തി.

അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെ തുടർന്നു മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ചു സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലീസിനോട് പറഞ്ഞു.

ജില്ലാ പെ‍ാലീസിലെ സൈബർ വിദഗ്ധന്റെ സഹായത്തേ‍ാടെയായിരുന്നു പരിശേ‍ാധന. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. കാസർകേ‍ാട് കരിന്തളം ഗവ. കേ‍ാളജിൽ ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽ നിന്നു പ്രിന്റ് എടുത്തതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസിൽ‌ ഈ മാസംതന്നെ കുറ്റപത്രം നൽകാനാണു നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com