മന്ത്രി ഉദ്ഘാടനം ചെയ്തിട്ട് വെറും ഒരുമാസം; മാറനല്ലൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു

കാട്ടാക്കട മാറാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു
തകര്‍ന്ന മാറനല്ലൂര്‍ പാലം അപ്രോച്ച് റോഡ്
തകര്‍ന്ന മാറനല്ലൂര്‍ പാലം അപ്രോച്ച് റോഡ്

തിരുവനന്തപുരം: കാട്ടാക്കട മാറാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. ജൂണ്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ച മലവിള പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഇപ്പോള്‍ ഈ സ്ഥലത്ത് അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് ഇടിഞ്ഞതു കാരണം പാലത്തിന് ബലക്ഷയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

നിര്‍മ്മാണ സമയത്ത് തന്നെ ഇരുവശത്തും ഓട നിര്‍മ്മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു എന്നാല്‍ ഈ ആവശ്യം അവഗണിച്ചു. റോഡിന് സമീപത്തെ ചില വീടുകള്‍ക്ക് നിര്‍മ്മാണ സമയത്ത് തന്നെ കേടുപാടുകള്‍ ഉണ്ടായിരുന്നു. ഇതിനും പരിഹാരം കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ ആ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഒരു വശമാണ് ഇടിഞ്ഞിട്ടുള്ളത്. പത്തോളം വീടുകള്‍ ഇവിടെയുണ്ട്. മുഹമ്മദ് റിയാസ് ചുതല ഏറ്റെടുത്തതിന് ശേഷം ഉദ്ഘാടനം ചെയ്ത 58ാമത്തെ പാലമാണ് ഇത്.

വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് റോഡ് തകര്‍ന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. റോഡ് തകര്‍ന്നതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഒരു മാസം മുമ്പാണ് ഈ പാലം സഞ്ചാരയോഗ്യമാക്കി നല്‍കിയത്. തലസ്ഥാനനഗരത്തെയും മലയോരമേഖലയെയും ബന്ധിപ്പിക്കുന്ന പാലമാണ് മാറനല്ലൂര്‍ മലവിള പാലം. വെള്ളറട, അമ്പൂരി പ്രദേശങ്ങളിലുള്ളവര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ ഏഴ് കിലോമീറ്റര്‍ വരെ ലാഭിക്കാനാകും.

തുടര്‍ച്ചയായ അപകടങ്ങളും അവഗണനയും പലതവണ ചര്‍ച്ചയായതിന്റെ ഫലമായിട്ടാണ് മാറനല്ലൂരിലെ പഴയ പാലം പൊളിച്ച് പുതിയത് നിര്‍മിച്ചത്. പഴയ പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാന്‍ കഴിയുമായിരുന്നെങ്കില്‍ പുതിയതിന് ഏഴര മീറ്റര്‍ വീതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com