മുതലപ്പൊഴിയില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കും, അദാനി പോര്‍ട്ട് ഉദ്യോഗസ്ഥരുമായി നാളെ ചര്‍ച്ച നടത്തും; സജി ചെറിയാന്‍

തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാര്‍ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും.
മന്ത്രി സജി ചെറിയാന്‍
മന്ത്രി സജി ചെറിയാന്‍


തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഡ്രഡ്ജിങ് സംബന്ധിച്ച് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള മൂന്നു മന്ത്രിമാരും ഉള്‍പ്പെട്ട സമിതി ജൂലൈ 18നു രാവിലെ 10ന് അദാനി പോര്‍ട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂലൈ 10 ന് മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ടു മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോര്‍ട്ടുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാര്‍ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. 

തുറമുഖത്തിന്റെ അപ്രോച്ച് ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണു നീക്കം ചെയ്യുന്നതിനു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. സാന്‍ഡ് ബൈപാസിങ് ഇതിനായി നടപ്പാക്കും. ചാനലിലേക്കു മണല്‍ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്തു മറുഭാഗത്തെത്തിക്കുന്നതാണിത്. 10 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി, കാലാവസ്ഥാ സാഹചര്യം മാറിയ ഉടന്‍, ടെന്‍ഡര്‍ നടപടികളിലേക്കു കടക്കും. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും പൊഴിയിലെ അപകട സാധ്യതയും കണക്കിലെടുത്ത് തുറമുഖത്തിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുമായും സാമൂഹിക സംഘടനകളുമായും ഉടന്‍ ചര്‍ച്ച നടത്തും. പൊഴിയുടെ ഇരു കരകളിലുമുള്ള വെളിച്ചക്കുറവു പരിഹരിക്കാന്‍ ആധുനിക ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. യാനങ്ങള്‍ക്കു കൃത്യമായി ദിശ മനസിലാക്കുന്നതിന് ലൈറ്റ് ബോയ്കള്‍ സ്ഥാപിക്കും.

ജൂലൈ 10നു മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ടു മരിച്ചവരില്‍ റോബിന്‍(42)ന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ സ്ഥലംവാങ്ങി വീടു നിര്‍മിച്ചു നല്‍കും. ഭാര്യയ്ക്കു വരുമാനമാര്‍ഗം ഉറപ്പാക്കും. ബിജു ആന്റണി(49)യുടെ കുടുംബത്തിനു പുതിയ വീടു നിര്‍മിച്ചു നല്‍കും. മൂത്ത മകള്‍ക്കു വരുമാന മാര്‍ഗമൊരുക്കും. സുരേഷ് ഫെര്‍ണാണ്ടസ്(58)ന്റെ മകന് മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം നല്‍കും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു കഠിനംകുളം സഹകരണ ബാങ്കിലുള്ള വായ്പ സംബന്ധിച്ചു സഹകരണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി കട ബാധ്യത ഒഴിവാക്കും. കുഞ്ഞുമോന്‍(42)ന്റെ കുടുംബത്തിനു പുനര്‍ഗേഹം പദ്ധതി പ്രകാരം വീടു നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൂമി വാങ്ങി വീടു നിര്‍മിച്ചപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍നിന്നെടുക്കേണ്ടിവന്ന അഞ്ചു ലക്ഷം രൂപയുടെ കടബാധ്യത പൂര്‍ണമായി ഒഴിവാക്കുന്നതിനു സഹായം നല്‍കും. കുടുംബനാഥയ്ക്കു വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com