'ഉമ്മന്‍ചാണ്ടി അനുസ്മരണം: പിണറായി പങ്കെടുത്താല്‍, ഇന്നുവരെ ചെയ്ത സകല വേട്ടയാടലുകള്‍ക്കും ഉള്ള കുറ്റസമ്മതം'

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്
പിണറായി വിജയൻ
പിണറായി വിജയൻ

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്താല്‍, ഇന്നുവരെ അദ്ദേഹം ഉമ്മന്‍ചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകള്‍ക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി സരിന്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകന്‍ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്. ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അദ്ധ്യക്ഷന്‍ നിര്‍വ്വഹിക്കുമെന്നും സരിന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

സ്‌നേഹംകൊണ്ട് ലോകം കീഴടക്കിയ ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം മറ്റു അഭിപ്രായ വ്യത്യാസങ്ങള്‍ക്കെല്ലാം അതീതമായി സ്‌നേഹത്തിന്റെ ഭാഷയില്‍ തന്നെ നടത്തുവാനാണ് കെപിസിസിയുടെ തീരുമാനം. ഉമ്മന്‍ചാണ്ടി അനുസ്മരണം രാഷ്ട്രീയ-കലാ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും മത സാമുദായിക നേതാക്കളെയും ഒക്കെ ഉള്‍പ്പെടുത്തി സമുചിതമായി ആചരിക്കുകയാണ്. 

കെപിസിസി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ ജനതയുടെയും നേതാവായി ജനങ്ങളുടെ നായകനായി ആണ് ഉമ്മന്‍ചാണ്ടി മടങ്ങിയിരിക്കുന്നത്. ആ മനുഷ്യനോട് തെറ്റ് ചെയ്തവര്‍ എല്ലാവരും തന്നെ മാപ്പിരക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു.

അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ രജിസ്റ്റേഡ് പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. എം വി ഗോവിന്ദനും ഗണേഷ് കുമാറും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കീഴ് വഴക്കം അനുസരിച്ച് ഈ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. 
പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക ക്ഷണം ഉണ്ട്. വിവിധ ജാതി-മത-സാമുദായിക നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് എന്നും സരില്‍ കുറിപ്പില്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com