'എല്ലാം തന്നത് ഹരിതകര്‍മ്മ സേനയിലെ ജോലി, മരിക്കുന്നത് വരെ ഇവിടെ തന്നെ തുടരും'; കോടികളുടെ സമ്മാനം ലഭിച്ചതില്‍ സന്തോഷം പങ്കിട്ട് 11 വനിതകള്‍ 

പരപ്പനങ്ങാടി നഗരസഭയിലെ ജോലി ഒഴിവാക്കില്ലെന്ന് മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടിയുടെ ഭാഗ്യം തേടിയെത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍
പത്തുകോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സ്‌ക്രീന്‍ഷോട്ട്‌
പത്തുകോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: പരപ്പനങ്ങാടി നഗരസഭയിലെ ജോലി ഒഴിവാക്കില്ലെന്ന് മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടിയുടെ ഭാഗ്യം തേടിയെത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍. കോടികള്‍ അടിച്ചെങ്കിലും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ച ഹരിതകര്‍മ്മ സേനയിലെ ജോലിയില്‍ തന്നെ തുടരും. മരിക്കുന്നത് വരെ ജോലിയുമായി മുന്നോട്ടുപോകുമെന്നും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ഒരു സമ്മാനം പ്രതീക്ഷിച്ചില്ല. ഇത് നാലാം തവണയാണ് ബംപര്‍ ടിക്കറ്റ് എടുക്കുന്നത്. കൂട്ടായാണ് ടിക്കറ്റ് എടുക്കാറ്. ഇതിന് മുന്‍പ് ആയിരം രൂപ അടിച്ചിട്ടുണ്ട്. ജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പണം ഉപയോഗിക്കും. എന്നാല്‍ മരിക്കുന്നത് വരെ ഹരിതകര്‍മ്മ സേനയിലെ ജോലി ഒഴിവാക്കില്ല. വയസ്സാകുമ്പോള്‍ നഗരസഭ പിരിച്ചുവിട്ടാല്‍ അല്ലാതെ ജോലി ഉപേക്ഷിക്കില്ല. തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹരിതകര്‍മ്മ സേനയിലെ ജോലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മറക്കില്ലെന്നും സന്തോഷ കണ്ണീര്‍ പൊഴിച്ച് കൊണ്ട് സേനാംഗങ്ങള്‍ പറഞ്ഞു. 

മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കൊണ്ടാണ് ഇവര്‍ പരസ്യമായി രംഗത്തുവന്നത്. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com