റെയില്‍വേ സ്റ്റേഷനിലെത്തിയ പൊലീസുകാരന് തോന്നിയ സംശയം; തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത് ഇങ്ങനെ 

നാഗര്‍കോവിലില്‍ അമ്മയുടെ കൈയില്‍ നിന്ന് തട്ടിയെടുത്ത നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് പൊലീസുകാരന്റെ നിരീക്ഷണപാടവം
ശ്യാംലാൽ
ശ്യാംലാൽ

തിരുവനന്തപുരം: നാഗര്‍കോവിലില്‍ അമ്മയുടെ കൈയില്‍ നിന്ന് തട്ടിയെടുത്ത നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് പൊലീസുകാരന്റെ നിരീക്ഷണപാടവം. ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരൻ ശ്യാംലാല്‍ എസ് ആറിന് തോന്നിയ സംശയമാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടാന്‍ സഹായകമായത്. പ്രായമായ രണ്ടുപേര്‍ ഒരു കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശ്യാംലാല്‍ ഉടന്‍ തന്നെ ചിത്രമെടുത്ത് മേലധികാരികൾക്ക് അയച്ചുകൊടുത്തു. കാണാതായ കുഞ്ഞാണ് ചിത്രത്തിലുള്ളത് എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് നാഗര്‍കോവില്‍ ഭാഗത്തുനിന്ന് നാലു മാസം പ്രായമായ കുഞ്ഞിനെ കാണാതായത്.കഠിനംകുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വി വി ജ്യോതിഷ് കുമാറിന് അയച്ചുകിട്ടിയ സന്ദേശം സ്റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘങ്ങളിലും ഷാഡോ ടീമിലുമൊക്കെ ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് കുമാറിനെ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തറിയാവുന്നതിനാല്‍ കന്യാകുമാരിയില്‍ നിന്നുളള പൊലീസ് സംഘം  അവര്‍ക്ക് ലഭിച്ച വീഡിയോ ദൃശ്യങ്ങളും കൈമാറിയിരുന്നു. നാടോടി സംഘത്തില്‍പ്പെട്ടവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇവര്‍ തമിഴ്‌നാട്ടിലെ വടശ്ശേരിയില്‍ നിന്ന് കേരളത്തിലേയ്ക്കുളള ട്രെയിനില്‍ കയറിയെന്ന വിവരവും ലഭിച്ചിരുന്നു.

പ്രായമായ രണ്ടുപേര്‍ ഒരു കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ ശ്യാംലാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ചിത്രമെടുത്ത് ജ്യോതിഷ് കുമാറിന് അയച്ചശേഷം അവരെ നിരീക്ഷിച്ച് അല്‍പം മാറി കുഞ്ഞിന് കാവല്‍ നിന്നു. മിനിറ്റുകള്‍ക്കകം സംഭവം സ്ഥിരീകരിച്ച് വിവരമെത്തി. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തു. നാടോടി സംഘത്തില്‍പ്പെട്ട രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡ്യൂട്ടികഴിഞ്ഞും നിരീക്ഷണബുദ്ധിയോടെ പ്രവര്‍ത്തിച്ച ശ്യാംലാലിനെ കേരള പൊലീസ് അഭിനന്ദിച്ചു.

മൂന്നു വര്‍ഷം മുന്‍പാണ് ചിറയിന്‍കീഴ് സ്വദേശി ശ്യാംലാല്‍ പൊലീസ് സര്‍വ്വീസിലെത്തിയത്. തിരുവനന്തപുരം റൂറലിലെ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. ശ്യാംലാല്‍ ആദ്യമായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനും ഇതുതന്നെയാണ്. എന്നാല്‍ സര്‍വ്വീസിലെ പരിചയക്കുറവൊന്നും ഒരു കുരുന്നു ജീവന് സംരക്ഷണമേകാന്‍ ശ്യാമിന് തടസ്സമായില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com