ചട്ടം ലംഘിച്ച് ഇടപട്ടിട്ടില്ല, നിര്‍ദേശിച്ചത് പരാതികള്‍ പരിശോധിക്കാന്‍; പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ മന്ത്രി

പരാതികള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ പട്ടിക തയാറാക്കാനാണ് നിര്‍ദേശിച്ചത്. നിലവിലെ പട്ടിക തള്ളാതെ തന്നെയാണ് ഇതെന്ന് മന്ത്രി
മന്ത്രി ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം
മന്ത്രി ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം


തൃശൂര്‍: സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമത്തിനായി ചട്ടം ലംഘിച്ച് ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി ആര്‍ ബിന്ദു. നിയമനത്തിനായി തയാറാക്കിയ പട്ടികയെക്കുറിച്ച്, ഒഴിവാക്കപ്പെട്ടവരില്‍നിന്നു പരാതി വന്നപ്പോള്‍ അതു പരിശോധിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീതിനിഷേധം ഉണ്ടാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇതു ചെയ്തതെന്നും മന്ത്രി പറഞ്ഞു.

യൂജിസി നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരില്‍നിന്ന് സീനിയോറിറ്റി അനുസരിച്ച് പട്ടിക തയാറാക്കി നിയമനം നടത്തുകയാണ് സംസ്ഥാനത്ത് തുടരുന്ന രീതി. പ്രത്യേക ചട്ട പ്രകാരമാണ് ഇതു നടത്തുന്നത്. 55 പ്രിന്‍സിപ്പല്‍മാരുടെ ഒഴിവാണ് ഗവണ്‍മെന്റ് കോളജുകളില്‍ ഉള്ളത്. ഇതിനായി സെലക്ഷന്‍ കമ്മിറ്റി 67 പേരുടെ പട്ടിക തയാറാക്കി. പിന്നീട് സബ് കമ്മിറ്റി രൂപീകരിച്ച് ഇത് 43 ആക്കി ചുരുക്കി. പട്ടിക സംബന്ധിച്ച് ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒട്ടേറെ പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. ഈ പരാതികള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ പട്ടിക തയാറാക്കാനാണ് നിര്‍ദേശിച്ചത്. നിലവിലെ പട്ടിക തള്ളാതെ തന്നെയാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു.

പരാതിയില്‍ കഴമ്പുണ്ടോയെന്ന് സമിതിയോ നിയോഗിച്ച് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയത്. പരാതി വന്നാല്‍ അതു പരിശോധിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നീതിനിഷേധം ഉണ്ടാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇതു ചെയ്തത്. 

അന്‍പത്തിയേഴു പേരുടെ പട്ടിക 43 ആയി ചുരുങ്ങിയത് ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ്. അതു പരിഹരിച്ചുകൊണ്ട് പുതിയ പട്ടിക തയാറാക്കാനാണ് നിര്‍ദേശിച്ചത്. മാത്രമല്ല, സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം സബ് കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കുക എന്നത് ചട്ടപ്രകാരമുള്ള നടപടിയല്ല. ഇത്തരമൊരു സബ് കമ്മിറ്റിക്കു സാംഗത്യമില്ലെന്നും  മന്ത്രി പറഞ്ഞു. 

പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസുണ്ട്. അതിലെ വിധികളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. 

പ്രിന്‍സിപ്പല്‍ നിയമനത്തിന് 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചതായ വിവരാവകാശ രേഖ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. അയോഗ്യരായവരെ ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയാണ് മന്ത്രിയുടെ ഇടപെടല്‍ എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com