ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങള്‍ നടത്താൻ പാടില്ല; ശനിയും ഞായറും പരിശോധന

മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശനിയും ഞായറും സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് 2023' എന്ന പേരില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്‌ട്രേഷനോ ലൈസന്‍സോ ഉറപ്പ് വരുത്തേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്.

ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നതാണ്.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയില്‍ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനില്‍ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ആഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

ലൈസന്‍സ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. സാധാരണ ലൈസന്‍സുകള്‍ക്ക് 2,000 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്. ആഗസ്റ്റ് ഒന്നിനുശേഷം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ലൈസന്‍സ് നേടുന്നതുവരെ നിര്‍ത്തിവയ്പ്പിക്കുന്നതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com