'നായര്‍ സമുദായം കീശയിലെന്ന് കരുതേണ്ട'; ജി സുകുമാരന്‍ നായര്‍ക്കെതിരെ എ കെ ബാലന്‍

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍
എ കെ ബാലന്‍, ജി സുകുമാരന്‍ നായര്‍ / ഫയല്‍
എ കെ ബാലന്‍, ജി സുകുമാരന്‍ നായര്‍ / ഫയല്‍

കൊച്ചി: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. സുകുമാരന്‍ നായര്‍ പ്രത്യേക ബോധനിലയുള്ള ആളെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു.

'സ്പീക്കര്‍ രാജിവയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സുകുമാരന്‍ നായര്‍ ഷംസീറിനോട് മാപ്പ് പറയണം'-എ കെ ബാലന്റെ വാക്കുകള്‍.

ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രസ്താവന. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സ്പീക്കര്‍ ഷംസീറിന്റെ നിരൂപണം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല.

സ്പീക്കറുടെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ ആവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അത് അംഗീകരിക്കാനാവുന്നതല്ല.

ഈ സാഹചര്യത്തില്‍ നിയമസഭ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ വിശ്വാസികളോട് മാപ്പുപറയണം. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com