'അര്‍ധരാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുന:സംഘടന അംഗീകരിക്കാനാകില്ല; പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ പഴയ ഗ്രൂപ്പ് സജീവമാകും'; തുറന്നടിച്ച് ബെന്നി ബഹന്നാന്‍

ഞങ്ങളില്‍ വിശ്വാസം എടുക്കാന്‍ പറ്റാത്ത ഒരു സംസ്ഥാന നേതൃത്വവുമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും
ബെന്നി ബഹന്നാന്‍
ബെന്നി ബഹന്നാന്‍

കൊച്ചി: കോണ്‍ഗ്രസ് പുന:സംഘടനയില്‍ എ ഗ്രൂപ്പിന്റെ അതൃപ്തി പരസ്യമാക്കി ബെന്നി ബഹന്നാന്‍ എംപി. ഉമ്മന്‍ച്ചാണ്ടിയുടെ മനസ് അറിയേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടായിരുന്നു. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ പഴയ ഗ്രൂപ്പുകള്‍ സജീവമാക്കും. വിശ്വാസമില്ലാത്തവരുമായി എങ്ങനെ സഹകരിക്കണമെന്ന് ആലോചിച്ച് പ്രഖ്യാപിക്കും. കെ കരുണാകരനും എകെ ആന്റണിയും കൂടിയാലോചനകളിലൂടെയാണ് തീരുമാനമെടുത്തതെന്നും ഇപ്പോള്‍ ഉള്ളവര്‍ അവര്‍ അല്ലല്ലോയെന്നും ബെന്നി ബഹന്നാന്‍ കൊച്ചിയില്‍ പറഞ്ഞു.

'കഴിഞ്ഞ ദിവസം അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് വാട്‌സ് ആപ്പിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ പട്ടിക തിരിച്ചറിയുന്നത്. അര്‍ധരാത്രി വാട്‌സ് ആപ്പിലൂടെ പ്രഖ്യാപനം നടത്തുന്നത് തന്നെ ഒരു ജനാധിപത്യപാര്‍ട്ടിക്ക് അനുയോജ്യമല്ല. ഈ പ്രഖ്യാപനം വളരെ നിരാശജനകമായിരുന്നു. ഞങ്ങളെ പോലെയുള്ള ആളുകളെ അത് അത്ഭുതപ്പെടുത്തുകയുണ്ടായി. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ യോജിപ്പിച്ചുകൊണ്ടുപോകേണ്ട നേതാക്കന്‍മാര്‍ തന്നെയാണ് ഈ തീരുമാനമെടുത്തതാണ് അത്ഭുതപ്പെടുത്തുന്നത്. ഞങ്ങളില്‍ വിശ്വാസം എടുക്കാന്‍ പറ്റാത്ത ഒരു സംസ്ഥാന നേതൃത്വവുമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും'- ബഹന്നാന്‍ പറഞ്ഞു. 

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാന്‍ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവന്‍ എംപി ഇന്നലെ വിമര്‍ശിച്ചത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com