കോടതി ജാമ്യം അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസന്‍സ് അല്ല; പ്രതിക്ക് സ്വീകരണം നല്‍കിയത് അസംബന്ധം: വനിതാ കമ്മീഷന്‍

ബസില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ പ്രതിക്ക് സ്വീകരണം നല്‍കിയത് അസംബന്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
savad-sathidevi
savad-sathidevi

തിരുവനന്തപുരം: ബസില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ പ്രതിക്ക് സ്വീകരണം നല്‍കിയത് അസംബന്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഏത് വിഷയത്തിലെയും അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന ഒരു സംഭവമാണിത്. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവും. ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ ഏല്‍ക്കേണ്ടി വരുന്ന മാനസിക പീഡനവും മാനസികവ്യഥയും പറഞ്ഞറിയിക്കാനാവാത്ത വിധം പ്രയാസകരമാണ്.- സതീദേവി പറഞ്ഞു. 

പീഡന സമയത്തേല്‍ക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാള്‍ വലിയ മാനസികാഘാതം ഉണ്ടാക്കാന്‍ ഇടവരുത്തുന്ന പരാമര്‍ശങ്ങളും നിലപാടുകളും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. അടുത്തകാലത്തായി യാത്രാവേളകളിലും മറ്റും തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് തുറന്നു പറയാനും പരാതിപ്പെടാനും സ്ത്രീകള്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ആവാത്ത സാഹചര്യമുണ്ടാവുമ്പോള്‍ പലപ്പോഴും ഇത്തരത്തിലുള്ള പീഡനക്കേസുകളിലെ അതിജീവിതകള്‍ പരാതിപ്പെടാന്‍ പോലും തയാറാവാത്ത മാനസികാവസ്ഥയില്‍ എത്തും. അതുണ്ടാവാന്‍ പാടില്ല.

സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങള്‍ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിയണമെങ്കില്‍ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും യാത്രാവേളകളിലും എല്ലാം സ്ത്രീക്ക് സുരക്ഷിതത്വം ലഭ്യമാക്കി കൊടുക്കാനുള്ള നിയമങ്ങള്‍ ശക്തമാണെങ്കിലും നിയമങ്ങളുടെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല എന്നുള്ളത് പലപ്പോഴും പൊതുസമൂഹത്തിന്റെ വീക്ഷണഗതി സ്ത്രീവിരുദ്ധമാണ് എന്നുള്ളതുകൊണ്ടാണ്.

അതുകൊണ്ട് സ്ത്രീകള്‍ക്ക് അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്. ലിംഗനീതി എന്നത് ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ നമുക്ക് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസന്‍സല്ലെന്നും കമീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com