ഇന്നല്ലെങ്കില്‍ നാളെ അംഗീകാരം കിട്ടും; സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകകേരള സഭയില്‍ സംസാരിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകകേരള സഭയില്‍ സംസാരിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്

ന്യൂയോര്‍ക്ക്: സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇപ്പോള്‍ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയില്‍ പദ്ധതി യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോള്‍ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്.'- മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകള്‍ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.  കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളില്‍ നിന്നും ഉണ്ടായി. പക്ഷെ കെ റെയില്‍ യാഥാര്‍ഥ്യമാകും.ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കും.  ശബരിമല വിമാനത്താവളത്തിന് തത്വത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

നിര്‍മാണ രംഗത്തുള്ള പ്രശ്ങ്ങള്‍ പരിഹരിച്ചു വരുന്നു. ഇപ്പോള്‍ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകര്‍ഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലിയുടെ പ്രശ്‌നം പരിഷ്‌കൃത സമൂഹത്തിന് നല്ലതല്ല. നോക്കുകൂലി പൂര്‍ണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് പരിഹരിച്ചത്. എല്ലാ നിക്ഷേപവും കേരളത്തില്‍ വരാന്‍ പറ്റില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് എല്ലാ സഹായവും കേരളം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com