'പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു', അന്വേഷണത്തില്‍ ഞെട്ടി പൊലീസ്; ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് 

മുനമ്പത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസിന് മുമ്പില്‍ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മുനമ്പത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസിന് മുമ്പില്‍ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ സുഹൃത്തിന്റേത് എന്ന് പറഞ്ഞ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടി സ്വയം സൃഷ്ടിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാന്‍ പെണ്‍കുട്ടി സ്വയം മെനഞ്ഞെടുത്ത കഥയെന്നും പൊലീസ് കണ്ടെത്തി.

നാലംഗ സംഘം പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടിയില്‍ തന്നെ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.  അയാളുടെ നേതൃത്വത്തില്‍ നാലംഗ സംഘം തന്നെ വായ് മൂടി കെട്ടി നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെ വച്ച് കരണത്തടിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 

ഇന്‍സ്റ്റയിലെ സുഹൃത്ത് ബലമായി തന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച് അത് മൊബൈലില്‍ ഷൂട്ട് ചെയ്ത് കാമുകന് അയച്ചുകൊടുത്തു. പിന്നീട് ഇന്‍സ്റ്റ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടില്‍ വന്ന് തന്നെ കത്തി കൊണ്ട് ആക്രമിച്ചതായും ഒച്ചയെടുത്തതിനെ തുടര്‍ന്ന് പട്ടിയോടിച്ചപ്പോള്‍ അയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വീട്ടിലും പരിസരത്തും അന്വേഷണം നടത്തി. ഒരാള്‍ക്ക് അത്രയെളുപ്പത്തില്‍ ചാടിക്കടക്കാന്‍ കഴിയുന്ന മതിലായിരുന്നില്ല അതെന്ന് പ്രാഥമികമായി വിലയിരുത്തി, പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നി നടത്തിയ വിശദമായ അന്വേഷണത്തിലാണ് പതിനേഴുകാരി മെനഞ്ഞ കള്ളക്കഥയാണിതെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. 

പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പൊലീസിനെതിരെ പ്രാദേശികമായി പ്രതിഷേധം വരെ ഉണ്ടായി. പരാതിയില്‍ പറഞ്ഞതനുസരിച്ച് പൊലീസ് ചോദ്യം ചെയ്യുകയും ശാസ്ത്രീയ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ ഇന്‍സ്റ്റയിലൂടെ പരിചയപ്പെടുകയും ആക്രമിക്കുകയും ചെയ്ത അജ്ഞാത സുഹൃത്തിന്റെ പിന്നാലെ പോയ പൊലീസ് പെണ്‍കുട്ടിയിലേക്ക് തന്നെ എത്തുകയായിരുന്നു. അവര്‍ സ്വയം സൃഷ്ടിച്ച ഇന്‍സ്റ്റ അക്കൗണ്ടായിരുന്നു അതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറയുന്നു.  തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും പെണ്‍കുട്ടി സ്വയമുണ്ടാക്കിയ കഥയാണ്. കത്തി കൊണ്ട് പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ച് ആക്രമണത്തില്‍ പരിക്കേറ്റതാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെണ്‍കുട്ടിയുടെ ശ്രമമായിരുന്നു ഇതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com