റോഡുകളില്‍ വേഗം കൂടും; സംസ്ഥാനത്ത് വേഗപരിധി പുതുക്കി; വിശദാംശങ്ങള്‍

ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. 

ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്ററാണ് വേഗത, നാല് വരി ദേശീയ പാതയില്‍ 90 ആയിരുന്നത് 100 ആക്കി ഉയര്‍ത്തി, മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 ആയിരുന്നത് 90 ആക്കി, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 , മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50  കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com