'തിരുനെല്‍വേലിയില്‍ അരിക്കൊമ്പന്‍ സുഖമായിരിക്കുന്നു'; കേരളത്തിന് കൈമാറണമെന്ന ഹര്‍ജി തള്ളി 

കാട്ടാന അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
അരിക്കൊമ്പൻ, സ്ക്രീൻഷോട്ട്
അരിക്കൊമ്പൻ, സ്ക്രീൻഷോട്ട്

ചെന്നൈ: കാട്ടാന അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവില്‍ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹര്‍ജി കൈമാറിയത്.

ആനയെ എവിടെ വിടണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വനംവകുപ്പ് ആണെന്ന് കോടതി വ്യക്തമാക്കി. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട്  മുണ്ടന്‍തുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ട തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 

തിരുനെല്‍വേലി വനമേഖലയിലുള്ള അരിക്കൊമ്പന്‍ സുഖമായിരിക്കുന്നു എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹര്‍ജി അപ്രസക്തമാണെന്നും വനംവകുപ്പ് കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് ബെഞ്ച് ഹര്‍ജി തള്ളിയത്.

കഴിഞ്ഞ 5നു പുലര്‍ച്ചെയാണു മയക്കുവെടിയുതിര്‍ത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകള്‍ എന്നിവിടങ്ങളിലെ മുറിവിനു പ്രത്യേക ചികിത്സ നല്‍കിയാണു തിരുനെല്‍വേലിയിലെത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com