രണ്ടു വര്‍ഷത്തിനകം 2000 കെ സ്റ്റോറുകള്‍; പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി 

കെ സ്റ്റോര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 108 റേഷന്‍ കടകള്‍ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്
മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്
മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി 2000 കെ സ്റ്റോറുകള്‍ സംസ്ഥാനത്ത് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. കെ സ്റ്റോര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 108 റേഷന്‍ കടകള്‍ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കെ സ്‌റ്റോറുകളുടെ എണ്ണം 2000 ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.കെ സ്റ്റോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സേവനങ്ങളെ കുറിച്ചുള്ള പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക, ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതല്‍ കെ സ്റ്റോറുകള്‍ ആരംഭിക്കുന്നത്.സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാത്തരത്തിലുള്ള ചോര്‍ച്ചയും വഴിമാറിയുള്ള യാത്രയും കര്‍ശനമായി നിയന്ത്രിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കണക്കുകള്‍ കൃത്യമായി ഡിജിറ്റല്‍ ആയിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി നിലവില്‍ ലഭ്യമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടി വില്പന നടത്താന്‍ തയ്യാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചതായും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com