എംജി സർവകലാശാലയിലെ സർട്ടിഫിക്കറ്റുകൾ കാണാതായി; രണ്ട് പേർക്ക് സസ്പെൻഷൻ, പൊലീസിൽ പരാതി നൽകും

പേരെഴുതാത്ത 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് പരീക്ഷഭവനിൽനിന്നു നഷ്ടപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം; എംജി സർവകലാശാലയിൽ പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതെ പോയ സംഭവത്തിൽ രണ്ടുപേർക്ക് സസ്പെൻഷൻ. മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. 

പേരെഴുതാത്ത 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് പരീക്ഷഭവനിൽനിന്നു നഷ്ടപ്പെട്ടത്. നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയില്ലെന്നാണു നിഗമനം. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്താണ് സർട്ടിഫിക്കറ്റുകൾ കാണാതായതിൽ അന്വേഷണം നടത്തിയത്. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. 

സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റും. കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും. ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com