'പ്രിയാ വര്‍ഗീസിനെ നിയമിക്കാം'; കോടതി ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേ ഇല്ലാതായെന്ന് നിയമോപദേശം  

ഡോ.പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമോപദേശം നല്‍കി
പ്രിയാ വർഗീസ്
പ്രിയാ വർഗീസ്

കണ്ണൂര്‍: ഡോ.പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമോപദേശം നല്‍കി. പ്രിയാ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ, ഗവര്‍ണറുടെ സ്‌റ്റേ ഇല്ലാതായെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമന ഉത്തരവ് ഉടന്‍ സര്‍വകലാശാല പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമനക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയാ വര്‍ഗീസിന് അനുകൂലമായി ഉത്തരവിട്ടതോടെ, അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ നിയമസാധുത തേടിയാണ് സ്റ്റാന്‍ഡിങ് കൗണ്‍സലിനോട് കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടിയത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമോപദേശം നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവോടെ, ഗവര്‍ണറുടെ സ്‌റ്റേ ഇല്ലാതായതായും നിയമോപദേശത്തില്‍ പറയുന്നു. കോടതി ഉത്തരവ് രേഖാമൂലം ഗവര്‍ണറെ അറിയിക്കണം. അതിന് ശേഷം നിയമന നടപടികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടു പോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അറിയിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അത്തരത്തില്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് കാണിച്ച് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമപരമായി ഇക്കാര്യങ്ങള്‍ നില്‍ക്കുമ്പോള്‍ കൂടി, നിയമനവുമായി മുന്നോട്ടുപോകുന്നതിന് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com