മോഷണ കേസ് പ്രതിയെ തേടി പൊലീസ് ഡല്‍ഹിയില്‍, യുവാവിനെ കണ്ട് ഞെട്ടി; ക്ലിനിക്കില്‍ 'ഡോക്ടര്‍'

സ്‌കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  സ്‌കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത പണമാണ് ബാങ്കിന് മുന്നില്‍ നിന്ന് തന്നെ മോഷ്ടിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ഷാഹി ആലമിനെയാണ് (26) ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷാഹിയെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

ഫെബ്രുവരി 13നാണ് സംഭവം. ഏലൂര്‍ നാറാണത്ത് ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ കളത്തിപ്പറമ്പില്‍ കെ എസ് വിഷ്ണുവിന്റെ പണമാണ് നഷ്ടമായത്. ഷാഹിയും കൂട്ടുകാരനും ചേര്‍ന്ന് സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്നു പണം കവരുകയായിരുന്നു. ഏലൂരിലെ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ നിന്നാണ് പണം കവര്‍ന്നത്. ഏപ്രിലില്‍ നിശ്ചയിച്ചിരിക്കുന്ന മകന്റെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നു വായ്പയെടുത്ത തുകയാണിത്.

പ്രതികളെ തേടി ഡല്‍ഹിയിലെത്തിയ പൊലീസ് സംഘം ഷാഹിയെ കണ്ട് ഞെട്ടി. അവിടത്തെ ഒരു ക്ലിനിക്കില്‍ 'ഡോക്ടറായി' രോഗിയെ പരിശോധിക്കുന്ന നിലയിലാണ്  ഷാഹിയെ കണ്ടത്. അവിടെ വ്യാജഡോക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബാഗും പഴ്‌സും വില്‍ക്കുന്ന കച്ചവടക്കാരായാണു ഫെബ്രുവരി 9ന് ഷാഹിയും കൂട്ടുകാരനും കൊച്ചിയിലെത്തിയത്. കച്ചവടത്തിനെന്ന വ്യാജേന രവിപുരത്തെ സ്ഥാപനത്തില്‍ നിന്നു ബൈക്ക് വാടകയ്‌ക്കെടുത്തു. തുടര്‍ന്ന് നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള ബാങ്കുകള്‍ക്കു മുന്നില്‍ നിലയുറപ്പിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു. 13ന് നോര്‍ത്ത് കളമശേരി എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ബാങ്കിലെത്തുന്നവരെ നിരീക്ഷിച്ച ഇവര്‍ പണമെടുത്തു മടങ്ങിയ വിഷ്ണുവിനെയും മകനെയും പിന്തുടര്‍ന്നു.

ഏലൂര്‍ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തി വിഷ്ണുവും മകനും ബാങ്കിനകത്തേക്കു പോയപ്പോള്‍ പ്രതികള്‍ സ്‌കൂട്ടറിന്റെ ഡിക്കി കുത്തിത്തുറന്നു പണമെടുത്തു കടന്നുകളയുകയായിരുന്നു. പണം അന്നുതന്നെ ഉത്തര്‍പ്രദേശിലുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്കു അയച്ച ഇവര്‍ 14ന് ബൈക്ക് തിരിച്ചേല്‍പിച്ച ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com