സുധാകരന്റെ കത്തിന് മറുപടി നല്‍കില്ല; ഏകപക്ഷീയമായ പുനഃസംഘടന നിര്‍ത്തിവയ്ക്കണം; 7 എംപിമാര്‍ കെസി വേണുഗോപാലിനെ കണ്ടു

വിഷയത്തില്‍ ഇടപെടാമെന്ന് വേണുഗോപാല്‍  അറിയിച്ചതായി എംപിമാര്‍ പറഞ്ഞു. 
കെ സി വേണുഗോപാല്‍ / ഫയൽ
കെ സി വേണുഗോപാല്‍ / ഫയൽ

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ  സുധാകരനെതിരെ എഐസിസിസി നേതൃത്വത്തോട് കടുത്ത അതൃപ്തി അറിയിച്ച് ഏഴ് എംപിമാര്‍. സുധാകരന്റെ കത്തിന് മറുപടി നല്‍കില്ലെന്ന് എംപിമാരായ കെ മുരളീധരനും എംകെ രാഘവന്‍ എംപിയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും നേതാക്കള്‍ വേണുഗോപാലിനെ അറിയിച്ചു. വിഷയത്തില്‍ ഇടപെടാമെന്ന് വേണുഗോപാല്‍  അറിയിച്ചതായി എംപിമാര്‍ പറഞ്ഞു. 

കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍, ആന്റോ അന്റണി, ഹൈബി ഈഡന്‍ തുടങ്ങിയ ഏഴ് എംപിമാരാണ് കെസി വേണുഗോപാലിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ രണ്ട് എംപിമാര്‍ക്ക് കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് കത്തുനല്‍കിയെന്നാണ് എംപിമാര്‍ പറയുന്നത്. എംപിമാര്‍ നിലവില്‍ എഐസിസി അംഗങ്ങളാണ്. എഐസിസി അംഗങ്ങളായ ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാറില്ല. ഈ സാഹചര്യത്തില്‍ നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കെസി വേണുഗോപാലിനെ അറിയിച്ചു.

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുധാകരന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നില്ലെന്നും എംപിമാര്‍ വേണുഗോപാലിനെ അറിയിച്ചു. നിലവിലെ പുനഃസംഘടന ഏകപക്ഷീയമാണെന്നും അത് നിര്‍ത്തിവെക്കണമെന്നും എംപിമാര്‍ അറിയിച്ചു. രാവിലെ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com