ഭൈരവിക്കോലം, സുന്ദരിയക്ഷി, കാളിയക്ഷി, അമ്പലയക്ഷി, മായായക്ഷി...; പൗര്‍ണമിക്കാവിനു ഭക്തിനിറവേറ്റി പടയണി - ചിത്രങ്ങള്‍

ദാരിക നിഗ്രഹം കഴിഞ്ഞ് അങ്കക്കലിയോടെ സംഹാരദുദ്രയായി കൈലാസത്തിലേക്ക് മടങ്ങുന്ന കാളിയുടെ കോപം അടക്കാനായി ശിവനും ഭൂതഗണങ്ങളും ചേര്‍ന്നൊരുക്കിയ സന്നാഹമാണ് പടയണി
പൗര്‍ണമിക്കാവില്‍ അവതരിപ്പിച്ച പടയണിയില്‍നിന്ന്‌
പൗര്‍ണമിക്കാവില്‍ അവതരിപ്പിച്ച പടയണിയില്‍നിന്ന്‌


തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിലെ പൗര്‍ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരീ ദേവീ ക്ഷേത്രത്തില്‍ പൗര്‍ണമി ദിനത്തിനു നിറവേറ്റി പടയണി അരങ്ങേറി. പ്രപഞ്ചയാഗത്തിന് ശേഷം നട തുറന്ന ഇന്നലെ കടമ്മനിട്ട ഗോത്ര കലാ കളരിയാണ് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പടയണി ക്ഷേത്ര നടയില്‍ അവതരിപ്പിച്ചത്.

പ്രകൃതിയെയാണ് കാളിയായി സങ്കല്‍പ്പിക്കുന്നത്.
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ഭൈരവിക്കോലം, സുന്ദരിയക്ഷി, കാളിയക്ഷി, അമ്പലയക്ഷി, മായായക്ഷി എന്നീ കോലങ്ങളാണ് കെട്ടിയാടിയത്. അതുകൊണ്ടാണ് പ്രപഞ്ചയാഗം കഴിഞ്ഞ ഉടനെ പടയണി നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ദാരിക നിഗ്രഹം കഴിഞ്ഞ് അങ്കക്കലിയോടെ സംഹാരദുദ്രയായി കൈലാസത്തിലേക്ക് മടങ്ങുന്ന കാളിയുടെ കോപം അടക്കാനായി ശിവനും ഭൂതഗണങ്ങളും ചേര്‍ന്നൊരുക്കിയ സന്നാഹമാണ് പടയണി എന്ന കലാരൂപമായി കാലാന്തരത്തില്‍ മാറിയതെന്നാണ് ഐതിഹ്യം. വാദ്യം മുഴക്കിയും തമാശ പറഞ്ഞും പാട്ടുകള്‍ പാടിയും കോലം കെട്ടിയാടിയും നടത്തിയ പ്രകടനത്തില്‍ സമാധാനപ്പെട്ട കാളി സന്തോഷവതിയായി അനുഗ്രഹം ചൊരിഞ്ഞതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പടയണി.

പിന്‍ പാട്ടിന്റെ കരുത്തില്‍ പച്ചപ്പാള ചെത്തി വിവിധ രൂപങ്ങളില്‍ വെട്ടിയെടുത്ത് പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണങ്ങളില്‍ വരച്ച കോലങ്ങള്‍ മുഖമറയായും കിരീടങ്ങളായും ഉപയോഗിച്ചാണ് പടയണി അവതരിപ്പിച്ചത്. പടയണിയുടെ തനത് വാദ്യമായ 'തപ്പ്' ആഴിക്ക് മുന്നില്‍ ചൂടാക്കി നാദശുദ്ധി വരുത്തി അസുരവാദ്യം മുഴക്കിയപ്പോള്‍ തന്നെ പൗര്‍ണമിക്കാവിലെ ഭക്തര്‍ കുരവയിടാന്‍ തുടങ്ങി. ദേവിയെ സന്തോഷപ്പെടുത്താനും ദേശത്തിന്റെ സുരക്ഷയും നന്മക്കും സമൃദ്ധിക്കും വേണ്ടിയാണ് ദേവീ ക്ഷേത്രങ്ങളില്‍ പടയണി അവതരിപ്പിക്കാന്‍ തുടങ്ങിയത്. യക്ഷിക്കോലം ഉള്‍പ്പെടെ എട്ട് കോലങ്ങളാണ് പൗര്‍ണമിക്കാവില്‍ കടമ്മനിട്ട ഗോത്ര കലാ കളരി അവതരിപ്പിച്ചത്.
നൂറു കണക്കിന് ഭക്തരാണ് പൗര്‍ണ്ണമിക്കാവിലെ പടയണി കാണാന്‍ തടിച്ചു കൂടിയത്.

രാത്രി ഗുരുസി തര്‍പ്പണത്തോടെ പൗര്‍ണമിക്കാവില്‍ നടയടച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com