അറബിക്കടലിലെ ലഹരി വേട്ട; പിടിയിലായ പാക് സ്വദേശി റിമാന്‍ഡില്‍

അറബിക്കടലില്‍ ലഹരിമരുന്നുമായി പിടികൂടിയ ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പാകിസ്ഥാന്‍ സ്വദേശി സുബൈറിനെ റിമാന്‍ഡ് ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അറബിക്കടലില്‍ ലഹരിമരുന്നുമായി പിടികൂടിയ ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പാകിസ്ഥാന്‍ സ്വദേശി സുബൈറിനെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സുബൈറിനെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. അതേസമയം താന്‍ പാകിസ്ഥാന്‍കാരനല്ല,  ഇറാന്‍കാരനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതി. 

അറബിക്കടലില്‍ പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ നേവിയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) അറബിക്കടലില്‍ നടത്തിയ തെരച്ചിലിലാണ് മെത്താംഫെറ്റമിന്‍ എന്ന രാസലഹരി കണ്ടെത്തിയത്. പാകിസ്ഥാന്‍ ലഹരി സംഘമായ 'ഹാജി സലിം നെറ്റ്വര്‍ക്കിന്റേ'തായിരുന്നു ലഹരിമരുന്ന്. പിടിച്ചെടുത്തതിലും കൂടുതല്‍ രാസലഹരി അറബിക്കടലില്‍ മുക്കിയയെന്നാണ് കസ്റ്റഡിയിലുള്ളയാളുടെ മൊഴി.

മെത്താംഫെറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളില്‍ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ പഞ്ഞിയുള്‍പ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിന്‍ പാക്കു ചെയ്തിട്ടുള്ളത്. മൂന്നിലേറെ ലഹരിനിര്‍മാണ ലാബുകളില്‍ നിര്‍മിച്ചതാണ് ലഹരിമരുന്നെന്നാണ് എന്‍സിബിയുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com