'ഒരു ലക്ഷം വിവാദമാക്കേണ്ട; കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്റെ ഡല്‍ഹി അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ്'

ശമ്പളം വേണ്ടെന്ന് താന്‍ ആദ്യമേ പറഞ്ഞതാണ്. തന്റെ മുന്‍ഗാമി സമ്പത്ത് പിന്തുടര്‍ന്ന മാര്‍ഗങ്ങളാണ് താനും പിന്തുടരുന്നത്.
കെ വി തോമസ് / ഫയല്‍ ചിത്രം
കെ വി തോമസ് / ഫയല്‍ ചിത്രം

ദുബായ്‌: സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ സമ്പത്തിന് നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡല്‍ഹിയില്‍ തന്റെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നും കെവി തോമസ് പറഞ്ഞു. ദുബായിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ശമ്പളം വേണ്ടെന്ന് താന്‍ ആദ്യമേ പറഞ്ഞതാണ്. തന്റെ മുന്‍ഗാമി സമ്പത്ത് പിന്തുടര്‍ന്ന മാര്‍ഗങ്ങളാണ് താനും പിന്തുടരുന്നത്. സമ്പത്ത് ഉപയോഗിച്ച ഓഫീസും വീടും തന്നെയാണ് ഉപയോഗിക്കുന്നത്. അതില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു.

ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയമായി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി. 

കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ വി തോമസ് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആര്‍എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളം.

സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു പുനര്‍നിയമനം നല്‍കിയാല്‍ അവസാനം വാങ്ങിയ ശമ്പളത്തില്‍നിന്നു പെന്‍ഷന്‍ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. ഓണറേറിയം നല്‍കിയാല്‍ കെ വി തോമസിന് എംപി പെന്‍ഷന്‍ വാങ്ങുന്നതിനു തടസമുണ്ടാകില്ല.കോണ്‍ഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണു കെ വി തോമസ് പാര്‍ട്ടിയുമായി അകലുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com