'ആൺകുട്ടികളെക്കാൾ മെച്ചം പെൺകുട്ടികൾ; വിദേശ സർവകലാശാലകൾ വരുന്നതിൽ ആശങ്കയില്ല'

മധ്യവർഗ കുടുംബങ്ങളിൽ സ്‌കൂൾ തലം കഴിയുമ്പോൾ ആൺകുട്ടികളെ പഠിപ്പിക്കുകയും പെൺകുട്ടികളെ വിവാഹം ചെയ്‌തു വിടുകയും ചെയ്യുന്നു
ദേബാഷിസ് ചാറ്റർജി/ ടിപി സൂരജ്
ദേബാഷിസ് ചാറ്റർജി/ ടിപി സൂരജ്

കൊച്ചി: വിദേശ സർവകലാശാലകൾ വരുന്നതിൽ ആശങ്കയില്ലെന്ന് കോഴിക്കോട് ഐഐഎം ഡയറക്ടർ ദേബാഷിസ് ചാറ്റർജി. മത്സരം നമ്മുടെ ക്വാളിറ്റി മെച്ചപ്പെടുത്തും. സ്ത്രീകൾ വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു വരേണ്ടതുണ്ട്. സ്ത്രീകൾ സിഎടി പരീക്ഷകളിൽ പങ്കെടുക്കുന്നത് തന്നെ വിരളമാണെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു. 

'കഴിഞ്ഞ 50 വർഷത്തെ ഐഐഎം ചരിത്രമെടുത്താൽ എട്ട് മുതൽ പത്ത് ശതമാനം വരെ മാത്രമാണ് പെൺകുട്ടികൾ ഉള്ളത്. അതായത് 180 മുതൽ 200 വിദ്യാർഥിനികൾ. അത് എന്തു കൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ പന്ത്രാണ്ടാം ക്ലാസ് വരെ പലപ്പോഴും ആൺകുട്ടികളെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പെൺകുട്ടികളുടെത്. എന്നാൽ മധ്യവർഗ കുടുംബങ്ങളിൽ സ്‌കൂൾ തലം കഴിയുമ്പോൾ ആൺകുട്ടികളെ പഠിപ്പിക്കുകയും പെൺകുട്ടികളെ വിവാഹം ചെയ്‌തു വിടുകയും ചെയ്യുന്നു.

ഞാൻ അധ്യാപകരോട് ചോദിച്ചു. സച്ചിൻ ടെണ്ടുൽക്കറിനോട് വിവാഹം, ക്രിക്കറ്റ് ഇതിൽ ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞാൻ അദ്ദേഹം ഇന്നത്തെ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നോ. ഇപ്പോൾ 10-12 ക്ലാസുകളിലെ മാർക്കുകളും ഐഐഎം പ്രവേശനത്തിന് മാനദണ്ഡമായി കണക്കാക്കിയതോടെ പെൺകുട്ടികളും മുന്നോട്ട് വരുന്നു. ഇന്റർവ്യൂവിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു'- ദേബാഷിസ് ചാറ്റർജി പറഞ്ഞു.

ഇന്ത്യൻ സമ്പ്രദായങ്ങൾ എല്ലായ്‌പ്പോഴും ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നതിന്റെ അടിസ്ഥാനത്തിലാണ്. സൃഷ്ടിക്കുന്നു, പരിപാലിക്കുന്നു, നിഗ്രഹിക്കുന്നു. ഇതിൽ നിഗ്രഹത്തിന്റെ ഭാഗം വളരെ പ്രധാനമാണ്. 2047ലെ ദർശനം ആവശ്യമില്ലാത്ത ചിന്താഗതികളും സ്ഥാപന ഘടനകളുടെയും നിഗ്രഹമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'നമ്മൾക്ക് വേണ്ടത്ര ഇല്ല എന്ന ചിന്തയാണ് ആദ്യം നശിപ്പിക്കേണ്ടത്. ചോദ്യങ്ങളെയല്ല, പുരാതന രീതി പിന്തുടരുന്ന വിദ്യാഭ്യസ സ്ഥാപനങ്ങളെ മാറ്റി സ്ഥാപിക്കണം. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ കൊണ്ട് നിങ്ങളുടെ ഉത്തരങ്ങൾ മാറ്റുക. ഇന്ന്, മുൻനിര ഐഐഎമ്മുകളിൽ സിഎടി സ്‌കോറുകൾക്ക് 50 ശതമാനം വെയിറ്റേജ് മാത്രമേ നൽകാറുള്ളൂ. ഒരു വ്യക്തിയുടെ കഴിവ് വിലയിരുത്തുന്നതിന് ഒറ്റതവണ പരീക്ഷ തെറ്റുദ്ധരിപ്പിക്കുന്നതാണ് എന്നുള്ളതുകൊണ്ടാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി, ഐഐഎം, ഐഎഎസ്‌ പോലുള്ളവ അവരുടെ മുഴുവൻ പ്രക്രിയകളും പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. തിരുത്തലുകളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഓരോ വർഷവും മൂന്ന് ലക്ഷത്തോളം ഉദ്യോഗാർഥികളാണ് സിഎടി പരീക്ഷ എഴുതുന്നത്. രാജ്യത്ത് ആകെ 20 ഐഐഎമ്മുകളാണ് ഉള്ളത്. 1:800 എന്ന അനുപാതത്തിലാണ് ഇത്. ഈ സ്ഥാപനങ്ങൾ നിരസിക്കുന്നതിന്റെ നിരക്ക് നോക്കുക. ബാക്കിയുള്ളവർ എവിടെ പോകും. ഇംഗ്ലണ്ടിൽ ഡോക്ടർ ആകാൻ വളരെ എളുപ്പമാണ്. അവിടെ ഡോക്ടറാകാൻ മൂന്ന് ലക്ഷം പേരുടെ നീണ്ട ക്യൂവിൽ നിൽക്കേണ്ടതില്ലെന്നും ദേബാഷിസ് ചാറ്റർജി പറഞ്ഞു.

ഐഐഎം ഒരു പൈതൃക സ്ഥാപനമാണ്. വലിപ്പത്തിലും പ്രകടനത്തിലും ലോകത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് സ്‌കൂളാണിത്. എന്നാൽ വിദേശ സ്‌കൂളുകൾ പെട്ടെന്ന് ഇവിടേക്ക് വരാൻ തയ്യാറാകുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർവാർഡ് പോലുള്ള സ്‌കൂളുകൾക്ക് ഐഐഎം നിലവാരത്തിലേക്ക് അവരുടെ ഫീസ് കുറയ്ക്കാനാകില്ല. മാത്രമല്ല, ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളിലാണ് അവർ കോഴ്‌സുകൾ പഠിപ്പിക്കുന്നതെങ്കിൽ ഹാർവാർഡ് ഹാർവാർഡ് അല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com