ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് ; പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കി, തീരുമാനം ദേവസ്വം ബോര്‍ഡിന്റേത് 

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
വിവാദനോട്ടീസ്‌
വിവാദനോട്ടീസ്‌

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി ദേവസ്വം ബോര്‍ഡ്. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ് വിവാദമായത്. പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ  രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു നോട്ടീസ്. ക്ഷേത്രപ്രവേശനത്തിന് കാരണം  രാജാവിന്റെ കരുണയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലും നോട്ടീസില്‍ ചേര്‍ത്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഡറക്ടറെ നീക്കിയത്.

വിവാദത്തെത്തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബര പരിപാടിയില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍  വിട്ടുനിന്നിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളായി ഗൗരി ലക്ഷ്മി ഭായിയെയും ഗൗരി പാര്‍വതി ഭായിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. അസുഖം കാരണം ഇരുവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇന്ന് രാവിലെ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ശിലാഫലകത്തില്‍ പേരുവച്ചെങ്കിലും ഇരുവരും എത്തിയില്ല. നേരിട്ട് അന്വേഷിച്ചപ്പോള്‍, വിട്ടുനിന്നതിന് കാരണങ്ങള്‍ ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. 

തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധര്‍മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com