'എന്റിഷ്ടാ ഹെൽമറ്റ് ഇട്ട് പൊയ്ക്കൂടെ'- മോഷ്ടിച്ച ബൈക്കിൽ കള്ളന്റെ ചുറ്റിയടി; ഉടമയ്ക്ക് ഇതുവരെ പിഴ 9,500!

ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടു തൊഴിലാളിയുമായ ഏച്ചിക്കാനും ചെമ്പോലോട്ടെ കെ ഭാസ്കരനാണ് ​ഗതികേട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർക്കോട്: ബൈക്ക് മോഷണം പോയതിന്റെ വിഷമത്തിൽ നിൽക്കുന്ന ഉടമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളൻ. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കള്ളൻ നാടു ചുറ്റുന്നതിനാൽ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നു പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നത് ഉടമയ്ക്ക്. ബൈക്ക് മോഷ്ടിച്ചതാണെങ്കിലും ഹെൽമറ്റ് വച്ച് യാത്ര ചെയ്തൂടെ എന്നാണ് ഉടമ ചോദിക്കുന്നത്. 

ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടു തൊഴിലാളിയുമായ ഏച്ചിക്കാനും ചെമ്പോലോട്ടെ കെ ഭാസ്കരനാണ് ​ഗതികേട്. കഴിഞ്ഞ ജൂൺ 27നാണ് ബൈക്ക് കാണാതായത്. ഇ​ദ്ദേഹത്തിന്റെ കെഎൽ 14 എഫ് 1014 നമ്പർ ബൈക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് മോഷണം പോയത്. 

കൊച്ചിയിൽ ബിഎംഎസ് സമ്മേളനത്തിനു പോയി ജൂൺ 30നു ഭാസ്കരൻ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഹൊസ്ദുർ​ഗ് പൊലീസിൽ പരാതിയും നൽകി. എന്നാൽ ബൈക്ക് ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. 

കള്ളൻ ബൈക്കുമായി ഹെൽമറ്റില്ലാതെ കാസർക്കോടു നിന്നു കോഴിക്കോട്ടേക്കാണ് ഓടിച്ചു പോയത്. അഞ്ച് സ്ഥലങ്ങളിലെ റോഡ് ക്യാമറയിലാണ് നിയമ ലംഘനം കുടുങ്ങിയത്. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്കരനു നോട്ടീസ് ലഭിച്ചത്. പിന്നീട് ഭാസ്കരൻ എംവിഡിയുടെ സൈറ്റ് പരിശോധിച്ചപ്പോൾ പിഴത്തുക 9,500 രൂപയായി ഉയർന്നതായും വ്യക്തമായി. പിന്നാലെ ഭാസ്കരൻ ഹൊസ്ദുർ​ഗ് പൊലീസിനെ വീണ്ടും സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 

ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എഐ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com