ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുടെ ശബ്ദം; വിടവാങ്ങിയത് തിരുനെല്ലിയുടെ കഥാകാരി

പ്രാദേശികവും വംശീയവുമായ എല്ലാ വേര്‍തിരിവുകളേയും വത്സല തന്റെ അക്ഷരങ്ങളിലൂടെ തുറന്നുകാട്ടി.
പി വത്സല/ എക്സ്പ്രസ് ഫയൽ
പി വത്സല/ എക്സ്പ്രസ് ഫയൽ

പാര്‍ശ്വവല്‍ക്കൃത ജീവിതങ്ങള്‍ക്കൊപ്പമായിരുന്നു എന്നും പി വത്സല എന്ന എഴുത്തുകാരി. അത്തരത്തിലുള്ള കഥാപാത്രങ്ങളെ അതുവരെയില്ലാത്ത രീതിയില്‍ മലയാളിയുടെ മനസിലേക്ക് ശക്തമായ കഥാപാത്രങ്ങള്‍ ആ തൂലികയിലൂടെ ഇടംപിടിച്ചു. ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുടെ വകഞ്ഞുമാറ്റപ്പെട്ടവരുടെ ജീവിതങ്ങളെ ഒട്ടും അതിഭാവുകത്വം ഇല്ലാതെ അക്ഷരങ്ങളിലൂടെ ശബ്ദിക്കുകയായിരുന്നു. മലയാള സാഹിത്യ രംഗത്ത് തന്നെ അത്തരം ജീവിതങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചു. 

പ്രാദേശികവും വംശീയവുമായ എല്ലാ വേര്‍തിരിവുകളേയും വത്സല തന്റെ അക്ഷരങ്ങളിലൂടെ തുറന്നുകാട്ടി. കേരളീയ പാരമ്പര്യം അടിയാളരുടേതുകൂടിയാണെന്ന എഴുത്തുകള്‍ പിറന്നു. ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട നെല്ല് ആയിരുന്നു വത്സയുടെ ആദ്യ നോവല്‍. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് നെല്ലെന്ന് എം ലീലാവതി പുസ്തകത്തിന്റെ പുറംചട്ടയില്‍ തന്നെ പറയുന്നുണ്ട്.  ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മയും എല്ലാം നെല്ലിലൂടെ പി വത്സല മലയാള സാഹിത്യ ലോകത്തിന് മുന്നിലേക്കെത്തിച്ചു. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മനസിലാക്കിയാണ് നെല്ല്് എഴുതിയതെന്ന് പിന്നീട് പി വ്ത്സല പറഞ്ഞിട്ടുണ്ട്.


നെല്ല് പിന്നീട് സിനിമയായതോടെ കൂടുതല്‍ ജനപ്രീതി നേടി.  1974-ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ആണ് നെല്ല് സിനിമയാകുന്നത്. രാമു കാര്യാട്ടും, കെ ജി ജോര്‍ജ്ജും ചേര്‍ന്ന് മനോഹരമായ തിരക്കഥയിലാണ് സിനിമ പുറത്തിറങ്ങിയത്.  കൃതികള്‍ സിനിമയാക്കുന്നതിനോടും പി വത്സല എന്ന എഴുത്തുകാരിക്ക് യോജിപ്പുണ്ടായിരുന്നില്ല. രാമുകാര്യാട്ട് അത്രയേറെ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ തയ്യാറായതെന്നും പില്‍ക്കാലത്ത് വത്സല പറഞ്ഞിട്ടുണ്ട്. നെല്ല് സിനിമയായപ്പോള്‍ അതിന്റെ കാതല്‍ ഒട്ടും ചോരാതെ രാമുകാര്യാട്ട് ചെയ്തിരുന്നുവെന്നും തൃപ്തയാണെന്നും ഒരിക്കല്‍ അവര്‍ പറഞ്ഞു. എങ്കിലും കൃതികള്‍ സിനിമയാക്കുന്നതിനോട് പലപ്പോഴും അത്രകണ്ട് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. 

സാഹിത്യ രചനകളില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും താന്‍ സ്വീകരിച്ച  നിലപാടുകള്‍ അണുവിട തെറ്റാതെ അവര്‍ പാലിച്ചിട്ടുണ്ട്. തനിക്ക് സ്വയം ബോധ്യപ്പെട്ടത് മാത്രമാണ് എഴുത്തിലും സ്വീകരിച്ചിട്ടുള്ളതെന്ന് അവര്‍ എത്രയോ തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു തിരുനെല്ലിയില്‍ മുമ്പ് കണ്ട് ചന്തു എന്ന കുറിച്യനാണ് ഓര്‍മയിലെത്തിയതെന്ന് ഒരിക്കല്‍ വ്ത്സല പറഞ്ഞു. മാവോവാദത്തിന്റെ പേരില്‍ ആളുകളെ പൊലീസ് വെടിവെച്ചുകൊല്ലുന്നതറിയുമ്പോള്‍, വര്‍ഗീസിനെ കണ്ടതും പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതും ഓര്‍മയിലെത്തുന്നതായും പി വത്സല പറഞ്ഞിട്ടുണ്ട്. ആഗ്നേയം എന്ന നോവല്‍ വരുന്ന സമയത്താണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. നോവലിലെ പൗലോസ് എന്ന കഥാപാത്രത്തിന് നക്‌സൈലൈറ്റ് നേതാവ് വര്‍ഗീസുമായി ഏറെ സാമ്യമുണ്ടായിരുന്നു. തുടര്‍ന്ന് പി വത്സലക്കും കുടുംബത്തിനും എന്തെങ്കിലും തരത്തില്‍ നക്‌സല്‍ ബന്ധമുണ്ടോ എന്ന തരത്തിലും അന്വേഷണം ഉണ്ടായെന്നും ഒരിക്കല്‍ ടീച്ചര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും ഇടതിനോട് ചേര്‍ന്നായിരുന്നു മനസെങ്കിലും പില്‍ക്കാലത്ത് അവരില്‍ നിന്ന് അകന്നെന്നും
ഹിന്ദുത്വ ആശയക്കാര്‍ക്കൊപ്പം ചേര്‍ന്നെന്നും വിമര്‍ശനവുമുണ്ടായിരുന്നു. പക്ഷങ്ങളൊക്കെ വ്യാഖ്യാതാക്കള്‍ തീരുമാനിക്കുന്നതാണെന്ന നിലപാടായിരുന്നു പലപ്പോഴും സ്വീകരിച്ചിരുന്നത്. പിന്‍നിരയില്‍ നില്‍ക്കുന്ന ആളുകള്‍ക്കൊപ്പം നിലപാടെടുക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും അതേ രൂപത്തില്‍ എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത എഴുത്തുകാരി തന്നെയാണ് പി വത്സല എന്ന് നിസംശ്ശയം പറയാം. 

1939 ഓഗസ്റ്റ് 28ന് കാനങ്ങാട് ചന്തുവിന്റെയും ഇ പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി എ  ഇക്കണോമിക്സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി എഡ് പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടിടിഐയില്‍ പ്രധാനാധ്യാപികയായിരുന്നു. 1993 മാര്‍ച്ചില്‍ അവിടെനിന്നാണ് വിരമിക്കുന്നത്. 

സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.  1961-ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് എന്‍ വി കൃഷ്ണവാരിയരുടെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ രൂപവത്കരിച്ച കേരള സാഹിത്യസമിതിയിലെ നിറസാന്നിധ്യംകൂടിയായിരുന്നു വത്സല. കഴിഞ്ഞ 17 വര്‍ഷമായി സാഹിത്യസമിതി അധ്യക്ഷകൂടിയായിരുന്നു അവര്‍.

മലാപ്പറമ്പ് എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ 'അരുണ്‍' വീട്ടിലായിരുന്നു താമസം. കൊടുവള്ളി ഗവ. ഹൈസ്‌കൂള്‍, നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ടിടിഐ, എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. നടക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുണ്‍ (ബാങ്ക് ഉദ്യോഗസ്ഥന്‍, ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോ. കെ. നിനകുമാര്‍, ഗായത്രി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com