'ഉമ്മന്‍ചാണ്ടി നല്ല മനുഷ്യന്‍; ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും നടപ്പിലാക്കുന്നതിലും മിടുക്കന്‍ പിണറായി'

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും പിണറായി വിജയനാണ്
ഡോ. എംവി പിള്ള/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
ഡോ. എംവി പിള്ള/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: ആരോഗ്യമേഖലയില്‍ ഇടതുസര്‍ക്കാരിനെ പ്രശംസിച്ച് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. എം വി പിള്ള. ചികിത്സയ്ക്ക് സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മുമ്പ് ഇങ്ങനെയൊന്നും സാധ്യമായിരുന്നില്ല. നിലവിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നുവെന്ന് ഡോ. പിള്ള പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ നല്ല രീതിയില്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നു, പിണറായി അധികം സംസാരിക്കില്ല, പക്ഷേ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും മിടുക്കനാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും പിണറായി വിജയനാണ്. ഡോ. എംവി പിള്ള പറഞ്ഞു. 

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പോലുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ സഹായിച്ചും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ വിദേശത്ത് പഠിക്കുന്നവര്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു എന്നതാണ് പുതിയ ട്രെന്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള നിരവധി ആളുകള്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ട്. 

1961 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചത്. അവിടെ നിന്ന് എംഡി പൂര്‍ത്തിയാക്കി, പിന്നീട് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തു. പത്തുവര്‍ഷത്തിനുശേഷം വിദേശത്തേക്ക് പോയി. പക്ഷേ, ഇന്നായിരുന്നെങ്കില്‍ വിദേശത്തേക്ക് പോകില്ലായിരുന്നുവെന്നും ഡോ. എംവി പിള്ള പറഞ്ഞു. 

ആണവയുദ്ധമോ ഭൂകമ്പമോ ആയിരിക്കില്ല, മനുഷ്യരാശിയുടെ അന്ത്യം കുറിക്കുന്ന ഒരു വൈറസായിരിക്കുമെന്ന് എച്ച്‌ഐവി കണ്ടെത്തിയ റോബര്‍ട്ട് ഗാലോ എന്ന ശാസ്ത്രജ്ഞന്‍ 2011ല്‍ പ്രവചിച്ചു. എബോള, നിപ്പ, കോവിഡ്... എല്ലാം ആ പ്രവചനം ശരിയാണെന്ന് തെളിയിച്ചു. ഈ വെല്ലുവിളിയെ നേരിടാന്‍ ലോകമെമ്പാടുമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഒരു ശൃംഖല അദ്ദേഹം വിഭാവനം ചെയ്തു. 

ഈ വിവരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അദ്ദേഹത്തിന് അതിന് താല്‍പ്പര്യമുണ്ടായിരുന്നു, പക്ഷേ രണ്ട് ഉദ്യോഗസ്ഥര്‍ അത് അട്ടിമറിച്ചു. മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടേയും പിണറായി വിജയന്റേയും ഭരണ ശൈലി അടുത്തു കണ്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നല്ല മനുഷ്യനായിരുന്നുവെങ്കിലും കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി, പിണറായിയുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോ. എംവി പിള്ള പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com