ഫയല്‍ ചിത്രം/ പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ലീവ് സറണ്ടര്‍ തിരിച്ചുപിടിച്ച ഉത്തരവ് 13 വര്‍ഷത്തിന് ശേഷം തിരുത്തി; എല്ലാവര്‍ക്കും ആനുകൂല്യം 

2011ലെ സെന്‍സസ് ജോലിയുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം എല്ലാ അധ്യാപകര്‍ക്ക് മടക്കി നല്‍കാന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു

തിരുവനന്തപുരം: 2011ലെ സെന്‍സസ് ജോലിയുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം എല്ലാ അധ്യാപകര്‍ക്ക് മടക്കി നല്‍കാന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 13 വര്‍ഷത്തിന് ശേഷമാണ് ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിച്ച നടപടി സര്‍ക്കാര്‍ തിരുത്തിയത്. ഒരു വിഭാഗം അധ്യാപകരുടെ ഹര്‍ജിയില്‍ കോടതി അനുകൂലവിധി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010-11 അധ്യയനവര്‍ഷം 48 ദിവസ കാലയളവില്‍ സെന്‍സസ് ജോലി ചെയ്തത്. പ്രതിഫലമായി 24 ദിവസത്തെ ആര്‍ജിതാവധിയുടെ സറണ്ടര്‍ ആനൂകൂല്യമാണ് നല്‍കിയത്. എന്നാല്‍, ഈ 48 ദിവസത്തില്‍ പ്രവൃത്തിദിവസം 32 മാത്രമാണെന്നും അതില്‍ത്തന്നെ ദിവസത്തിന്റെ പകുതി മാത്രമാണു സെന്‍സസ് ഡ്യൂട്ടി ഉണ്ടായിരുന്നതെന്നും വിലയിരുത്തി, സെന്‍സസ് ജോലി ദിവസങ്ങള്‍ 16 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതനുസരിച്ച് അധ്യാപകര്‍ക്ക് 8 ദിവസത്തെ സറണ്ടര്‍ ആനുകൂല്യങ്ങള്‍ക്കു മാത്രമാണ് അര്‍ഹതയെന്നു ചൂണ്ടിക്കാട്ടി 16 ദിവസത്തെ ലീവ് സറണ്ടര്‍ ആനൂകൂല്യം തിരിച്ചുപിടിച്ചു. 

ഇതിനെതിരെ കോടതിയെ സമീപിച്ച അധ്യാപകര്‍ക്ക് അനുകൂലവിധി ലഭിക്കുകയും അതനുസരിച്ച് 24 ദിവസത്തെ ആനുകൂല്യങ്ങളും സാധൂകരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഈ വിധി എല്ലാവര്‍ക്കും ബാധകമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com