'35 ലക്ഷം വായ്പയെടുത്തിട്ട് ഒരു പൈസ പോലും തന്നില്ല, കയ്യില്‍ കിട്ടിയ 11ലക്ഷം സതീഷ് ബലമായി വാങ്ങി'; കരുവന്നൂര്‍ പ്രതിക്കെതിരെ വീട്ടമ്മ 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ തട്ടിപ്പിന് ഇരയായവര്‍ ജപ്തി ഭീഷണിയില്‍
കരുവന്നൂര്‍ പ്രതിക്കെതിരെ സിന്ധു, ടിവി ദൃശ്യം
കരുവന്നൂര്‍ പ്രതിക്കെതിരെ സിന്ധു, ടിവി ദൃശ്യം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ തട്ടിപ്പിന് ഇരയായവര്‍ ജപ്തി ഭീഷണിയില്‍. സതീഷ് വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് വെള്ളായ സ്വദേശിനി സിന്ധു ആരോപിച്ചു. വായ്പയെടുത്തതിനെ തുടര്‍ന്ന് ലഭിച്ച 11 ലക്ഷം സതീഷ് ബലമായി പിടിച്ചു വാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.

മുണ്ടൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അസുഖത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ് സതീഷ് എന്ന ആളിന്റെ അടുത്ത് പോയത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടേക്ക് ഓവര്‍ ചെയ്യുമ്പോള്‍ ബ്ലാക്ക് ചെക്കിലൊക്കെ ഇയാള്‍ ഒപ്പിട്ടുവാങ്ങിച്ചെന്നും സിന്ധു പറയുന്നു.

ജില്ലാ സഹകരണ ബാങ്കിന്റെ മുണ്ടൂര്‍ ബ്രാഞ്ചില്‍ നിന്ന് പെരിങ്ങണ്ടൂര്‍ ബ്രാഞ്ചിലേക്കാണ് ലോണ്‍ മാറ്റിയത്. 35 ലക്ഷം രൂപയ്ക്ക് ആധാരം ജില്ലാ സഹകരണ ബാങ്കിന്റെ പെരിങ്ങണ്ടൂരിലെ ശാഖയില്‍ വെച്ചു. കയ്യില്‍ കിട്ടിയ 11 ലക്ഷം രൂപ സതീഷ് പിടിച്ചുപറിച്ച് വാങ്ങിക്കൊണ്ടുപോയെന്നാണ് സിന്ധു ആരോപിക്കുന്നത്. ഇപ്പോള്‍ 70 ലക്ഷം രൂപ കുടിശ്ശികയായി അടയ്ക്കാനുണ്ട്. ബുധനാഴ്ച വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നാണ് പറയുന്നത്. സതീഷ് കുമാര്‍ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്നും സിന്ധു പറഞ്ഞു.

സതീഷ് നടത്തിയത് കള്ളപ്പണം വെളുപ്പിക്കലും പിടിച്ചുപറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു. കരുവന്നൂരില്‍ മാത്രമല്ല, മറ്റ് സഹകരണ സംഘങ്ങളിലും തട്ടിപ്പ് നടന്നതായും അനില്‍ അക്കര ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് അനില്‍ അക്കരയുടെ വിമര്‍ശനം.

150 നിടയില്‍ ലോണ്‍ ടേക്ക് ഓവറുകള്‍ സതീഷ് നടത്തിയിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു. ഇതിന്റെ തുക 500 കോടി കവിയും. ഇത് ടേക്ക് ഓവറല്ല, കൊള്ളയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com