കരുവന്നൂരും കൊടകരയും തമ്മില്‍ ബന്ധം; കുഴല്‍പ്പണക്കേസ് പ്രതികള്‍ക്ക് സിപിഎം നേതാക്കള്‍ ഒന്നരക്കോടി വായ്പ നല്‍കി; അനില്‍ അക്കര

കൊടകര കുഴല്‍പ്പണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയില്‍ പോയിരുന്നെങ്കില്‍ സിപിഎം നേതാക്കളും പ്രതികളാകുമായിരുന്നു.
അനില്‍ അക്കര മാധ്യമങ്ങളെ കാണുന്നു
അനില്‍ അക്കര മാധ്യമങ്ങളെ കാണുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നതായും കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് ഒന്നരക്കോടി വായ്പ നല്‍കിയെന്നും  അനില്‍ അക്കര പറഞ്ഞു. 

ഈ രണ്ട് കേസുകളും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണ്. ഇടപാട് നടത്തിയത് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറാണ്. കൊടകര കേസില്‍ പ്രതിയായ ദീപക് ശങ്കരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല. അവരുടെ ഫണ്ടിന്റെ ഉറവിടം കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ച് വലിയ തോതിലുള്ള കൊള്ള നടന്നിട്ടുണ്ട്. അതില്‍ സതീഷ്‌കുമാറിന് പങ്കുണ്ട്. കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് രഞ്ജിത്, മനോജ്, ദീപ്തി, മിനി, സജീവന്‍ എന്നീ അഞ്ച് പേരുടെ പേരിലാണ് ഒന്നേകാല്‍ കോടി തട്ടിയെടുത്തത്. ഇതില്‍ രഞ്ജിതും ദീപ്തിയും ദമ്പതിമാരാണ്. ദീപക് ശങ്കറിന്റെ സഹോദരിയാണ് ദീപ്തി. അന്തരിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെയൂം മക്കളുടെയും പേരിലാണ് ഈ അഞ്ച് പേരും വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്കെന്നും അനില്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയില്‍ പോയിരുന്നെങ്കില്‍ സിപിഎം നേതാക്കളും പ്രതികളാകുമായിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധമുള്ള 14 ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോപണ വിധേയനെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ച പണം നഷ്ടപ്പെട്ടവര്‍ക്ക് പണം ലഭ്യമാക്കാനല്ല, ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ്. പ്രതികളായ കിരണിന്റെയും ജില്‍സിന്റെയും ബാധ്യത ഏറ്റെടുത്ത് ഇടപാടുകാരുടെ പണം നല്‍കി കേസില്‍ സെറ്റില്‍ ചെയ്യാനാണ് നീക്കം. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചാല്‍ ഇഡി അന്വേഷണത്തിന് തടയിടാമെന്നാണ് സിപിഎം ആലോചന. അങ്ങനെ വന്നാലും കിരണിന്റെയും ജില്‍സിന്റെയും അക്കൗണ്ടില്‍ വന്ന കോടികളുടെ കണക്ക് സിപിഎം ബോധ്യപ്പെടുത്തണമെന്നും അനില്‍ പറഞ്ഞു
 
എസി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായാണ്. കരുവന്നൂരില്‍ അന്വേഷിച്ചെത്തുന്ന ഇഡിക്ക് കൊടകരയിലും പിടിമുറുക്കേണ്ടി വരും. അതുകൊണ്ട് ഒത്തുതീര്‍പ്പിലെത്താന്‍ ഇഡി സാവകാശം നല്‍കുകയാണോ എന്ന് സംശയമുണ്ട്. കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും സിപിഎം പ്രസവിച്ച ഇരട്ടകുട്ടികളാണ്. കരുവന്നൂര്‍ ചെറിയ മീനാണ്. കുട്ടനെല്ലൂര്‍ ചെറിയ സ്രാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com