'ലോട്ടറി എടുത്തു വെച്ചോ, ഗുരുവായൂരില്‍ നിന്ന് മടങ്ങിവരുമ്പോള്‍ പണം തരാം'; പന്തളം സ്വദേശിക്ക് 'അനുഗ്രഹം', 75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്ക് ലഭിച്ച കാര്യം സന്തോഷ് അറിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ പണം പോലും കൊടുക്കാതെ വെറുതെ ലോട്ടറിക്കടയില്‍ പറഞ്ഞുവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചതിന്റെ ഞെട്ടലില്‍ പന്തളം സ്വദേശിയായ സന്തോഷ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്ക് ലഭിച്ച കാര്യം സന്തോഷ് അറിയുന്നത്. പണം പോലും കൊടുക്കാതെ വെറുതെ പറഞ്ഞുവെച്ച ടിക്കറ്റ് സൂക്ഷിച്ച കടയുടമ സത്യസന്ധതയുടെ മാതൃകയായി.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വഴിയില്‍ ലോട്ടറി കട കണ്ടപ്പോള്‍ അവിടെയിറങ്ങി ഒരു സെറ്റ് ലോട്ടറി എടുത്തുവെയ്ക്കാന്‍ പറഞ്ഞാണ് സന്തോഷ് പോയത്. മടങ്ങിയെത്തിയപ്പോഴാണ് ഭാഗ്യം തന്നെ തുണച്ച കാര്യം സന്തോഷ് അറിയുന്നത്. ഗുരുവായൂരിലേക്ക് പോവുന്ന വഴി തൃശൂര്‍ അമല ആശുപത്രിയുടെ എതിര്‍ വശത്തുള്ള ലോട്ടറി കടയിലാണ് ഇറങ്ങിയത്. 

അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ വേണമെന്നാണ് സന്തോഷ് പറഞ്ഞത്. ടിക്കറ്റുകള്‍ എടുത്ത് മാറ്റിവെയ്ക്കാനും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് ടിക്കറ്റുകള്‍ വാങ്ങാമെന്നും അപ്പോള്‍ പണവും നല്‍കാമെന്നും പറഞ്ഞു. കാശ് പോലും കൊടുക്കാതെ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ ജീവിതത്തില്‍ വലിയ സന്തോഷം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും സന്തോഷ് കരുതിയിരുന്നില്ല. 

പറഞ്ഞ വാക്ക് വിശ്വസിച്ച ലോട്ടറി കടയുടമ സിജോ പൂലോന്‍ ജോസിന്റെ സത്യസന്ധത കൂടിയാണ് ഈ ഭാഗ്യ സമ്മാനം സന്തോഷിനെ തേടിയെത്താന്‍ കാരണം. ഗുരുവായൂരില്‍ പോയി ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിക്ക് സന്തോഷ് വീണ്ടും ലോട്ടറി കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് താന്‍ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ക്ക് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനവും മറ്റ് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചുവെന്ന് അറിയിച്ചത്. പ്രവാസിയായിരുന്ന സിജോ നേരത്തെയുണ്ടായിരുന്ന ഡ്രൈവറുടെ ജോലി കോവിഡ് കാലത്ത് നഷ്ടപ്പെട്ടപ്പോള്‍ തുടങ്ങിയതാണ് ലോട്ടറി കട.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com