രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്

മുനമ്പത്ത് കടലില്‍ കാണാതായ നാലുപേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവര്‍ക്കായി തിരച്ചില്‍

ചൂണ്ടയില്‍ ചെറുവളളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: മുനമ്പത്ത് ഫൈബര്‍ വെള്ളം മുങ്ങി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അഴിക്കോട് തീരത്തിന് സമീപത്തുവച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയില്‍ ചെറുവളളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. അവര്‍ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ശരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചു. ശരത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും രാത്രിയും പകലും തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കുറിച്ചു ഇന്നലെ രാത്രിവരെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്ന് പോയ 'നന്മ' എന്ന വള്ളമാണ് വ്യാഴം വൈകിട്ട് 5 മണിയോടെ അപകടത്തില്‍ പെട്ടത്. 7 തൊഴിലാളികള്‍ ഉണ്ടായിരുന്ന വള്ളം മുനമ്പം അഴിമുഖത്തിന് 7 കിലോമീറ്റര്‍ അകലെ മുങ്ങുകയായിരുന്നു. വള്ളത്തില്‍ പിടിച്ചു കിടന്ന 3 പേരെ രാത്രി 9 മണിയോടെ സമീപത്തു കൂടി കടന്നുപോയ ഫിഷിങ് ബോട്ടിലെ തൊഴിലാളികള്‍ കണ്ടെത്തി രക്ഷപ്പെടുത്തി.

മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ പടിഞ്ഞാറേ പുരക്കല്‍ ഷാജി (53), ചേപ്ലത്ത് മോഹനന്‍ (53), കൊല്ലം പറമ്പില്‍ ശരത് (24), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു56) എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയന്‍ (54), ആലപ്പുഴ സ്വദേശി ആനന്ദന്‍ (52)എന്നിവരാണ് രക്ഷപ്പെട്ടത്. കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ അപകട ദിവസം രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ നാവികസേന ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കെടുത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇന്നലെ തിരച്ചിലിന് ഇറങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com