'ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ; ഇസ്രായേലിന്റെ മുഖത്ത് ഏറ്റ കനത്ത അടി'

'മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ തടയാൻ ആയില്ല'
എംഎ ബേബി/ ഫെയ്സ്ബുക്ക്
എംഎ ബേബി/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: പലസ്തീനി പ്രദേശങ്ങൾ തുടർച്ചയായി കയ്യേറുന്നതിനോടുള്ള സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച യുദ്ധമെന്ന് സിപിഎം നേതാവ് എംഎ ബേബി.  2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെയെന്ന് എംഎ ബേബി ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗാസയിൽ നിന്ന് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടത്. ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജൻസി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ തടയാൻ ആയില്ല എന്നത് ഇസ്രായേലിന്റെ മുഖത്ത് ഏറ്റ കനത്ത അടിയാണ്. പലസ്തീനികളുടെ ദീർഘകാല സുഹൃത്ത് ആയ ഇന്ത്യ അവിടത്തെ സമാധാനത്തിനുള്ള മുൻകൈ എടുക്കണമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

പലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് അക്രമങ്ങളും പലസ്തീനി പ്രദേശങ്ങൾ തുടർച്ചയായി കയ്യേറുന്നതും അവിടെ ബലാൽക്കാരേണ സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം ഫലത്തിൽ അംഗീകരിക്കുന്നവിധം കണ്ടില്ലെന്നു നടിച്ചുവരികയായിരുന്നു. അതിനോടുള്ള ഒരു സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ഇന്നു വെളുപ്പിന് ആരംഭിച്ച യുദ്ധം. വലിയ സൈനികശക്തിയായ ഇസ്രായേൽ തന്നെ ഒരുപക്ഷേ ഈ യുദ്ധത്തിൽ അമേരിക്കൻ പിന്തുണയോടെ ജയിച്ചേക്കാം. ഗസ്സ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവർക്ക് ശേഷിയുണ്ട്. പാശ്ചാത്യരാജ്യങ്ങളെല്ലാം, യുഎസ്എയും ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയും ഒക്കെ പലസ്തീനികൾക്കെതിരെ ഇസ്രയേലിനൊപ്പം രംഗത്ത് വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള ഏകധ്രുവലോകത്ത് ഏറെക്കുറെ പാശ്ചാത്യ ശക്തികളുടെ തന്നിഷ്ടം മാത്രമാണ് നടക്കുന്നത് എന്നതാണ് സാഹചര്യം.
എന്നാലും 2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നത്. ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ. ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗസ്സയിൽ നിന്ന് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടത്. ഇസ്രായേൽ അതിർത്തി തകർത്ത് പാലസ്തീൻ പോരാളികൾ ഇസ്രയേലിനുള്ളിൽ കടന്നുചെന്ന് ആക്രമണം നടത്തി. ഇതിൽ നൂറു കണക്കിന് ഇസ്രായേലികൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇസ്രായേലികൾക്ക് പരിക്ക് പറ്റി. പട്ടാളക്കാർ ഉൾപ്പെടെ മുപ്പത്തഞ്ചോളം ഇസ്രായേലികളെ ഹമാസ് യുദ്ധത്തടവുകാരായി പിടിച്ചിട്ടുമുണ്ട്. 
മാസങ്ങൾ എടുത്തിട്ടുണ്ടാവണം  ഈ പ്രത്യാക്രമണയുദ്ധത്തിന്റെ ആസൂത്രണത്തിന്. അത് ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജൻസി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ തടയാൻ ആയില്ല എന്നത് ഇസ്രായേലിന്റെ മുഖത്ത് ഏറ്റ കനത്ത അടിയാണ്.
മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കൻ യെരൂശലേമിലെ അൽ അക്സ പള്ളിയിൽ ജൂതതീവ്രവാദികൾ നടത്തിയ കടന്നുകയറ്റങ്ങൾ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്. ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്. പലസ്തീനികളുടെ ദീർഘകാല സുഹൃത്ത് ആയ ഇന്ത്യ അവിടത്തെസമാധാനത്തിനുള്ള മുൻകൈ എടുക്കുകയും വേണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com