കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം
കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം

പാര്‍ക്കിങ് ഏരിയയില്‍ നമ്പര്‍ ഇല്ലാത്ത കാറില്‍ രണ്ടുപേര്‍;  ഫോണില്‍ കസ്റ്റംസ് ഓഫീസറുടെ ഡ്യൂട്ടി ചാര്‍ട്ട്; അന്വേഷണം എത്തിയത് വന്‍ സ്വര്‍ണക്കടത്ത് സംഘത്തിലേക്ക്

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ ഒത്താശയോടെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് നവീനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിഐഎസ്എഫ് അസിസന്റ് കമാന്‍ഡന്റിന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന. നവീനിന്റെ കൊണ്ടോട്ടിയിലെ ഫ്‌ലാറ്റിലാണ് റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ ഒത്താശയോടെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് നവീനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നവീന്‍ ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്തു നടന്നിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇത്ര വലിയ റാക്കറ്റിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമാണ്. കരിപ്പുര്‍ വിമാനത്താവളത്തിലെ പല തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഈ സ്വര്‍ണക്കടത്തില്‍ പങ്കാളികളായി എന്നാണു പുറത്തുവരുന്ന വിവരം.

കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ യാത്രക്കാരില്‍ നിന്ന് കേരള പൊലീസ് 503 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടിയിതോടെയാണ് സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായുള്ള നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് വിമാനത്താവളപരിസരത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നമ്പര്‍ ഇല്ലാത്ത വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെ  ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

ഇവരില്‍ രണ്ടു പേര്‍ ജിദ്ദയില്‍ നിന്നു വന്ന യാത്രക്കാരായിരുന്നു. ഇവരുടെ കയ്യില്‍ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന 503 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ സ്വര്‍ണം കൈപ്പറ്റുന്നതിനായി എത്തിച്ചേര്‍ന്നതാണെന്നും കണ്ടെത്തി. സ്വര്‍ണം കൈപ്പറ്റുന്നതിനായി  വന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കടത്തുന്നതിന്  നിരവധി തെളിവുകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ഒരു ജീവനക്കാരനെ പരിശോധിച്ചതില്‍ പോക്കറ്റില്‍ നിന്ന് രണ്ടു ഫോണുകളും ഒരു ലക്ഷം രൂപയും  കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്ന് ഒരു കസ്റ്റംസ് ഓഫീസറുടെ ഈ മാസത്തെ ഡ്യൂട്ടി ചാര്‍ട്ട്  കണ്ടെത്തി. കൂടാതെ, സിഐഎസ്എഫിലെ ഒരു അസിസ്റ്റന്റ് കമാന്‍ഡന്റുമായുള്ള വാട്ട്‌സാപ്പ് ചാറ്റും കണ്ടെത്തി. പണം കൈമാറിയതിന്റെ വിശദവിവരങ്ങളും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com