'മറ്റു സംസ്ഥാനങ്ങളിലൊന്നും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമില്ല, ഇവിടെ 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് ജോലി നല്‍കി'; കായിക താരങ്ങളെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം

തിരുവനന്തപുരം: കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക മേഖലയില്‍ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും ചെയ്ത സര്‍ക്കാരാണ് കേരളത്തിലേത്. ഒരു ഘട്ടത്തിലും അക്കാര്യത്തില്‍ പിറകോട്ട് പോയിട്ടില്ല. കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ അവരുടെ സംഭാവനകളെ  മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ അടക്കം മലയാളി താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള താരങ്ങള്‍ നേടിയ 9 മെഡലുകള്‍ വളരെ വിലപ്പെട്ടതാണ്.  തിരുവനന്തപുരം എല്‍ എന്‍ സി പി ഇയില്‍ ആണ് ഏഷ്യന്‍ ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും ടീമംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കി. 

ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയ ടീമിലെ മലയാളിതാരം പി ആര്‍ ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡല്‍ നേടിയ വേളയില്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. കായികവകുപ്പിന് കീഴിലെ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലൂടെയാണ്  ശ്രീജേഷ് ഹോക്കിയില്‍ മികച്ച ഗോള്‍കീപ്പറായി മാറിയത്. 

കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൃതമായ പാരിതോഷികം നല്‍കി വരാറുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തില്‍ പാതിതോഷികം നല്‍കിയിരുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലും സമ്മാനിച്ചിരുന്നു. ഒപ്പം ചെസ് ഒളിമ്പ്യാഡില്‍ നേട്ടം കൈവരിച്ച നിഹാല്‍ സരിന് 10 ലക്ഷവും എസ് എല്‍ നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ല്‍ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത അവസരത്തില്‍ എച്ച് എസ് പ്രണോയ്, എം ആര്‍ അര്‍ജുന്‍ എന്നീ താരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കി. ജി വി രാജ പുരസ്‌കാരത്തിനും പ്രണോയിയെ തെരഞ്ഞെടുത്തിരുന്നു. 

ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നതിനു പുറമെ, കായികതാരങ്ങള്‍ക്ക് മികച്ച  പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോഡിട്ട സര്‍ക്കാരാണിത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്‌പോട്‌സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കി. സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റില്‍ നിന്നും 65 പേര്‍ക്ക് കൂടി നിയമനം നല്‍കിയിട്ടുണ്ട്. പൊലീസില്‍ സ്‌പോട്‌സ് ക്വാട്ടയില്‍ 31 പേര്‍ക്കും നിയമനം നല്‍കി. 2015-19 കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു. കെ എസ് ഇ ബിയിലും സ്‌പോട്‌സ് ക്വാട്ട നിയമനം നടക്കും. 
 
2010-14ലെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള സ്‌പോട്‌സ്‌ക്വാട്ട നിയമനം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടര്‍ന്നു വന്ന എല്‍ ഡി എഫ് ഗവണ്‍മെന്റാണ് നിയമന നടപടി ആരംഭിച്ചത്. 2019 ഫെബ്രുവരി 8ന് 409 പേര്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുള്ള 250 തസ്തികകളില്‍  നിയമനം നടത്തുകയും ചെയ്തു. അതേസമയം 110 പേര്‍ക്ക് മാത്രമാണ് യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയത്.

മറ്റു സംസ്ഥാനങ്ങളിലൊന്നും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമില്ല. കേരളത്തില്‍ വര്‍ഷം തോറും 50 പേര്‍ക്ക് വീതം സ്‌പോട്‌സ് ക്വാട്ടയില്‍ നിര്‍ബന്ധമായും നിയമനം നല്‍കി വരുന്നു. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കി. ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. തുടര്‍ന്നും അതുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com