ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥിരീകരിച്ച് വനം വകുപ്പ്

ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ 
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ജോസ്
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ജോസ്

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ത്രശേരി ജോസിന്റെ മൃതദേഹമാണ് ആന ഓടിയ വഴിയില്‍ നിന്ന് കണ്ടെത്തിയത്.  63 വയസായിരുന്നു. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

'എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇയാള്‍ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്'- റെയ്ഞ്ച് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആന ഓടുന്ന വഴിയില്‍ ജോസിനെ കണ്ടതിനെ തുടര്‍ന്ന് അയാളോട് മാറി നില്‍ക്കാന്‍ നാട്ടുകാര്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം ആന ഓടിയ വഴിയില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. കഴുത്തിനും കാലിനും മുറിവുകളുണ്ട്. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. 

ഇന്നലെ പുലര്‍ച്ചയോടെയാണ് കര്‍ണാടക വനമേഖലയില്‍നിന്നുള്ള കാട്ടാന ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയത്. ടൗണും പരിസരവും അഞ്ചു മണിക്കൂറോളം കാട്ടാന ഭീതിയിലാഴ്ത്തി. കര്‍ണാടക വനത്തില്‍നിന്ന് കേരളത്തിലെ 3 ടൗണുകള്‍ കടന്ന്, 14.5 കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ഒറ്റയാന്‍ ഉളിക്കലില്‍ എത്തിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു. കാട്ടാന ടൗണില്‍ തമ്പടിച്ചതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ടു. പരിസരത്തെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. കൂടുതല്‍ ആളുകള്‍ എത്താതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com