വിഴിഞ്ഞത്ത് വന്നത് 4 ക്രെയിന്‍ മാത്രം; പൂര്‍ത്തിയായത് 60 ശതമാനം പണി; ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടല്‍; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരുപത

സഭ വികസനത്തിന് എതിരല്ല. ഇത് സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണ്.
യൂജിന്‍ പെരേര- വിഴിഞ്ഞത്ത് എത്തിയ കപ്പല്‍
യൂജിന്‍ പെരേര- വിഴിഞ്ഞത്ത് എത്തിയ കപ്പല്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടലാണെന്നും ഫാദര്‍ യൂജിന്‍ പെരേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഭ വികസനത്തിന് എതിരല്ല. പൂര്‍ത്തിയായത് 60ശതമാനം പണി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇത് സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണ്. രാജ്യത്തിന് വലിയ വികസനപദ്ധതിയാണെന്ന് പറഞ്ഞാണ് ആരംഭിച്ചത്. പദ്ധതി സൃഷ്ടിച്ച ആഘാതത്തെ തുടര്‍ന്ന്300 ഓളം വീടുകള്‍ നഷ്ടപ്പെട്ടു. ധാരാളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കര നഷ്ടപ്പെട്ടിട്ടുണ്ട്. ഇനി ധാരാളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നു. ഇപ്പോള്‍ നടക്കുന്നത് വെറുമൊരു കണ്ണില്‍ പൊടിയിടല്‍ നടപടിയാണെന്നും പെരേര പറഞ്ഞു. 

പദ്ധതിയുടെ അറുപത് ശതമാനം പൂര്‍ത്തിയാക്കി അതിന്റെ ഒരിഞ്ച് കൂടി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി ആകെ നാല് ക്രെയിനുകള്‍ മാത്രമാണ് വന്നത്. ക്രെയിനുകളല്ല പദ്ധതിയുടെ പൂര്‍ത്തികരണവും കമ്മീഷനങ്ങും. 44 അടിസ്ഥാനവികസനങ്ങള്‍ ഒരുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമായില്ല. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാമാങ്കമാണെന്നും യൂജിന്‍ പെരേര പറഞ്ഞു. 

വിഴിഞ്ഞം പദ്ധതി മൂലമുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്‌നം ഉണ്ടെങ്കില്‍ അത് പഠിക്കാം ജൈവ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ട് ഉണ്ടങ്കില്‍, തൊഴില്‍ നഷ്ടമുണ്ടെങ്കില്‍, കരനഷ്ടമുണ്ടെങ്കില്‍ അത് പഠിക്കാം എന്ന് പറഞ്ഞു. അത് സംബന്ധിച്ച് നാലുമാസത്തിനുള്ളില്‍ പൂര്‍ണറിപ്പോര്‍ട്ട് തരുമെന്ന് പറഞ്ഞെങ്കിലും അത് ഉണ്ടായില്ല. അകെ നടന്നത് ഒരൊറ്റ ഹിയറിങ്ങ് മാത്രമാണ് നടന്നത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരം പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 

സമരകാലത്ത് നടത്തിയ വാഗ്ദാനങ്ങളില്‍ ലവലേശം മുന്നോട്ടുപോയിട്ടില്ലചിപ്പി തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. മുതലപ്പൊഴിയില്‍ നിരവധി തൊഴിലാളികള്‍ മരിക്കുന്നത് തുടര്‍ന്നിട്ടും അതിനോട് അനുഭാവപൂര്‍ണമായ നടപടികള്‍  സ്വീകരിക്കുന്നില്ല. ഉദ്ഘാടനചടങ്ങിലേക്ക് സഭയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com