ആറു മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലുമില്ല; ജാഗ്രത വേണമെന്നാണ് പറഞ്ഞത്; കെഎസ്എഫ്ഇയില്‍ വിശദീകരണവുമായി എകെ ബാലന്‍

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയക്ക് ആശ്വാസമുള്ള സാമ്പത്തിക സ്ഥാപനം വേറെ ഇല്ല
എകെ ബാലന്‍ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം
എകെ ബാലന്‍ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം


കോഴിക്കോട്: കെഎസ്എഫ്ഇ സമ്മേളനത്തിലെ വിമര്‍ശനത്തില്‍ വിശദീകരണവുമായി എകെ ബാലന്‍. താന്‍ പറഞ്ഞ നേട്ടങ്ങള്‍ കാണാതെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പൊള്ളച്ചിട്ടികള്‍ കുറച്ചുകൊണ്ടുവരാനായി അതില്‍ ജാഗ്രത വേണമെന്നാണ് പ്രസംഗത്തില്‍ താന്‍ പറഞ്ഞത്. സഹകരണമേഖലയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി വരുമെന്ന് സൂചിപ്പിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തിനിടെ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചിട്ടുള്ളത്. ചിട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പൊള്ളച്ചിട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും കഴിഞ്ഞ ആറ് മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലും ഇല്ലെന്നും എകെ ബാലന്‍ പറഞ്ഞു. ഇനി അഥവാ അത്തരം ചിട്ടികള്‍ ഉണ്ടെങ്കില്‍ തന്നെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും

ശാഖകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. കൂടാതെ 1483 സ്ഥിരം നിയമനം നടത്താനും കെഎസ്എഫ്ഇക്ക് കഴിഞ്ഞു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയക്ക് ആശ്വാസമുള്ള സാമ്പത്തിക സ്ഥാപനം വേറെ ഇല്ലെന്നും ബാലന്‍ പറഞ്ഞു.


'ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?. ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവാന്‍ പോവുന്നത്' എന്നായിരുന്നു സമ്മേളനത്തില്‍ ബാലന്റെ പരാമര്‍ശം. 

'ഇപ്പോ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ സഹകരണമേഖലയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം. അത് ഇവിടെ വരില്ലെന്ന് നിങ്ങള്‍ ധരിക്കരുത്. ഇവിടെ നടക്കന്ന ഈ ചെയ്തികളുമായി ബന്ധപ്പെട്ട് നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഈ ഏജന്‍സിക്ക് വരാന്‍ കഴിയില്ലെന്ന് ധരിക്കരുത്. കള്ളപ്രമാണങ്ങള്‍ വച്ചുകൊണ്ടുള്ള വായ്പകളുണ്ടാവുന്നു. ഈ പ്രവണത അവസാനിപ്പിക്കണം' ബാലന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com