വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ; പരിപാടിക്ക് പോയത് മനസ്സില്ലാ മനസ്സോടെ: വി മുരളീധരന്‍ 

വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
വി മുരളീധരന്‍ / ഫയല്‍ ചിത്രം
വി മുരളീധരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആര്‍ എക്‌സര്‍സൈസാണോ നടന്നതെന്ന് സംശയമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

2021 നവംബര്‍ 18 ന് കേരളത്തിന്റെ തുറമുഖ വകുപ്പു മന്ത്രി പറഞ്ഞത് 2023 മെയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും കപ്പല്‍ എത്തുമെന്നുമാണ്. 2022  ജൂലൈ 24ന് കരണ്‍ അദാനിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ആദ്യം പറഞ്ഞത് തിരുത്തി. സെപ്റ്റംബര്‍ 23ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. 2023 ജൂണ്‍ 12ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല വിഴിഞ്ഞം സന്ദര്‍ശിച്ചതിന് പിന്നാലെ മെയ് 24ന് ഒന്നാംഘട്ടം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടം മേയ് 24ലാണ് പൂര്‍ത്തിയാകുന്നതെങ്കില്‍ ഇത്രയും പണം ചിലവഴിച്ച്, ഇത്രയും ആളുകളെ വിളിച്ചുകൂട്ടി നടത്തിയ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്താണ്'-വി മുരളീധരന്‍ ചോദിച്ചു.

'തുറമുഖം കമ്മിഷന്‍ ചെയ്യാന്‍ അഞ്ചോ ആറോ മാസമെടുക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള പിആര്‍ എക്‌സര്‍സൈസാണോ ഇന്നലെ നടന്നത് എന്നാണു സംശയം. മനസില്ലാ മനസ്സോടെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015ല്‍ കരാര്‍ ഒപ്പിട്ടു 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും 2023ല്‍ മൂന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരുന്ന പദ്ധതിയുടെ ഒന്നാംഘട്ടം നാലുവര്‍ഷം കഴിഞ്ഞു പൂര്‍ത്തിയാക്കുമ്പോഴാണ് പറയുന്നത് എല്‍ഡിഎഫ് അസാധ്യമായത് സാധ്യമാക്കുമെന്ന്. ഇങ്ങനെ പറയാന്‍ അപാരമായ തൊലിക്കട്ടി വേണം'-മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com