'കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം; എല്ലാം പിആർ ഏജൻസി പറഞ്ഞു പഠിപ്പിച്ചത്'; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ

പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പിണറായിയെ പഠിപ്പിച്ചത് പിആർ സംഘം ആണെന്നും സതീശൻ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ

തിരുവനന്തപുരം: മേക്ക് ഓവറിനായി പിണറായി വിജയൻ മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടിയിരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടുവർഷത്തോളം കേരളത്തിൽ ചെലവിട്ട  പിആർ ഏജൻസി നിയമസഭയുടെ ഗാലറിയിൽ അടക്കം ഉണ്ടായിരുന്നു.  തുടർഭരണം ലഭിക്കുന്നതിനു രണ്ടുവർഷം മുൻപ് മുതലാണ് പിണറായി മുംബൈയിലെ പിആർ ഏജൻസിയുടെ സേവനം തേടിയതെന്നും സതീശൻ പറഞ്ഞു. 

പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പിണറായിയെ പഠിപ്പിച്ചത് പിആർ സംഘം ആണെന്നും സതീശൻ പറഞ്ഞു. കോവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നൽകിയിരുന്നത് മുംബൈയിൽ നിന്നുള്ള ഏജൻസിയാണ്. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത്. 

എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസിൽ കയറ്റിയിരുത്തി ചർച്ച നടത്തിയില്ലേ? മുംബൈയിലെ പിആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. അവരുണ്ടാക്കുന്ന കാപ്സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനിൽ കനഗോലുവിന്റെ പേരു പറഞ്ഞ് കോൺഗ്രസിനു മേൽ ആരോപണം ഉന്നയിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുമ്പോഴായിരുന്നു സതീശന്റെ ആരോപണം. കനഗോലു പിആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ കോൺഗ്രസ് അംഗമാണ്. എങ്ങനെ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തണമെന്ന് പിണറായി വിജയൻ കോൺ​ഗ്രസിനെ പഠിപ്പിക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com