നിമിഷപ്രിയയുടെ മോചനം: യെമനിലേക്ക് പോകാന്‍ കേന്ദ്രം ഇടപെടണം; ഹര്‍ജിയില്‍ സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്
നിമിഷ പ്രിയ/ഡല്‍ഹി ഹൈക്കോടതി
നിമിഷ പ്രിയ/ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് നല്‍കിയത്. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

നിരവധി തവണ അപേക്ഷിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെന്നും നിമിഷപ്രിയയുടെ അമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ അതിനുശേഷവും ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നയതന്ത്രതലത്തില്‍ ഇടപെടല്‍ വേണമെന്ന് നിമിഷപ്രിയയുടെ അമ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഇതിനായാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്. 

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com