കണ്ണൂര്‍: കര്‍ണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന എച്ച്ഡി ദേവഗൗഡയുടെ ആരോപണങ്ങള്‍ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേവഗൗഡയുടെ ആരോപണം അസംബന്ധമാണെന്നും ജെഡിഎസില്‍ നടക്കുന്നതെന്തെന്ന് പോലും ദേവഗൗഡ അറിയുന്നില്ലെന്നും യെച്ചൂരി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജെഡിഎസ് കേരളഘടകം ഇടതുമുന്നണിയില്‍ തുടരുന്നത് ബിജെപിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചതുകൊണ്ടാണെന്നും യെച്ചൂരി പറഞ്ഞു.
ദേവഗൗഡയുടെ ആരോപണങ്ങളെ തള്ളി നേരത്തേ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും രംഗത്തെത്തി. ദേവഗൗഡയുടെ ഇപ്പോഴത്തെ പ്രസ്താവന വളരെ രസകരമായ ഒന്നാണ്.ഇത് കേരള രാഷ്ട്രീയത്തില്‍ തെറ്റായ ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന പ്രസ്താവനയാണ്. തെറ്റിദ്ധാരണ മൂലമാണ് അദ്ദേഹം അത് പറഞ്ഞതെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പ്രയാസങ്ങളില്‍ സംഭവിച്ച പിഴവ് ആയിരിക്കും. ഒരു കാരണവശാലും കേരളത്തിലെ മുഖ്യമന്ത്രി അങ്ങനെ ഒരു അനുമതി നല്‍കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ അനുമതി തേടേണ്ട ആവശ്യവുമില്ല.ദേവഗൗഡയും മുഖ്യമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് മാസങ്ങള്‍ തന്നെയായി. കേരളത്തിലെ പാര്‍ട്ടിയും മന്ത്രി കൃഷ്ണന്‍കുട്ടിയും ബിജെപി സഖ്യത്തിന് പിന്തുണ അറിയിച്ചു എന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. ആ തീരുമാനത്തെ കേരളത്തിലെ പാര്‍ട്ടി അര്‍ത്ഥശങ്കയില്ലാതെ തന്നെ നിഷേധിക്കുന്നു. കേരളത്തിലെ ജെഡിഎസ് മന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ അറിവോ അനുവാദമോ ഇക്കാര്യത്തില്‍ ഇല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.
കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. എന്‍ഡിഎയുമായി ചേരാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നീക്കവുമായി മുന്നോട്ടു പോയതെന്നാണ് ദേവഗൗഡ പറയുന്നത്.
തമിഴ്നാടും കേരളവുമുള്‍പ്പടെയുള്ള മറ്റ് സംസ്ഥാന കമ്മിറ്റികള്‍ നീക്കത്തിന് നേരത്തേ തന്നെ പിന്തുണ നല്‍കിയിരുന്നുവെന്നും പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കാര്യമായതിനാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നീക്കത്തെ അംഗീകരിച്ചുവെന്നും ദേവഗൗഡ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ