കളമശേരി ബോംബ് സ്‌ഫോടനം; നാളെ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അവിടേയ്ക്കു തിരിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗൗരവമായി തന്നെ കണ്ടുകൊണ്ട് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിവരങ്ങള്‍ കിട്ടിയിട്ട് പറയാം എന്നായിരുന്നു പ്രതികരണം. 

കളമശേരിയില്‍ സ്ഫോടനമുണ്ടായതിനു പിന്നാലെ പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍െവന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

കളമശേരിയില്‍ യഹോവാ സാക്ഷികളുടെ സമ്മേളനം നടന്ന സമ്ര ഇന്റര്‍നാഷനലിന്റെ ഹാളിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണു വിവരം. 2300 പേര്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണു സ്‌ഫോടനം നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com