'എനിക്ക് ടെക്‌നിക്കാലിറ്റിയല്ല, മനുഷ്യത്വമാണ് വലുത്'; 'ബൂത്ത് ട്രോളിന്' ചാണ്ടി ഉമ്മന്റെ മറുപടി, 'പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതുതന്നെ'

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആള്‍ക്കാര്‍ വന്ന് വോട്ട് ചെയ്യാന്‍ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ആലോചിക്കേണ്ടതാണ്- ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ വോട്ട് ചെയ്യാന്‍ വന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് ആളുകള്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോളിങ് വൈകിയ ബൂത്തുകളിലെ തൊട്ടടുത്ത ബൂത്തുകളിലെ മെഷീനുകള്‍ക്ക് കുഴപ്പമില്ലെന്നും ആളുകള്‍ വെറുതേയിരിക്കുകയാണ്, ബൂത്ത് മാറ്റിക്കൂടെയെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ചാണ്ടി ഉമ്മന്‍ ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ അറിയാത്ത ആളാണ് ചാണ്ടി ഉമ്മന്‍ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചാണ്ടിയുടെ മറുപടി ഇങ്ങനെ: 

'ഞാന്‍ ടെക്‌നിക്കാലിറ്റിയില്‍ വിശ്വസിക്കാത്ത ആളാണ്. ടെക്‌നാക്കാലിറ്റിക്ക് അപ്പുറം മനുഷ്യത്വം പരിഗണിക്കണം എന്നാണ് എന്റെ പിതാവ് എനിക്ക് കാണിച്ചു തന്നത്. ടെക്‌നിക്കാലിറ്റി വച്ച് ആളുകളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. അതാണ് ഉദ്ദേശിച്ചത്. ആളുകളുടെ സമയത്തിന് വിലയില്ലേ? എന്റെ ജനങ്ങളാണ്, അവര്‍ ബുദ്ധിമുട്ടുമ്പോള്‍ ഞാന്‍ രാവിലെ മുതല്‍ ഈ പ്രശ്‌നം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് നിയമമോ ടെക്‌നിക്കാലിറ്റിയോ അല്ല പ്രശ്‌നം, ജനങ്ങളുടെ ബുദ്ധിമുട്ടാണ്. അതിന്റെ പേരില്‍ എന്നെ ട്രോള്‍ ചെയ്താല്‍ ഞാനത് കണക്കാക്കുന്നില്ല. സാധാരണക്കാരന് വേണ്ടി ഞാന്‍ സംസാരിക്കും. 

എന്തുകൊണ്ട് താമസം വന്നു എന്ന് ചോദിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ ഉത്തരം നല്‍കുന്നില്ല. അപ്പോള്‍  പ്രിസൈഡിങ് ഓഫീസറെ സംരക്ഷിക്കാന്‍ വേണ്ടി പുറത്തുനിന്ന് കുറച്ചുപേര്‍ കയറി വരികയാണ്. യാഥാര്‍ത്ഥ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ അത് ചെയ്തത്.'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com