രാത്രി ട്രെയിനില്‍ മുങ്ങാന്‍ പദ്ധതിയിട്ടു; മണിക്കൂറുകള്‍ക്കകം ഇരുട്ടുംമുന്‍പ് വലയില്‍

എട്ടുവയസ്സുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിനെ പൊലീസ് പിടികൂടിയത്  മണിക്കൂറുകള്‍ക്കകം
ക്രിസ്റ്റില്‍ രാജ്
ക്രിസ്റ്റില്‍ രാജ്

കൊച്ചി: എട്ടുവയസ്സുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിനെ പൊലീസ് പിടികൂടിയത്  മണിക്കൂറുകള്‍ക്കകം. രാത്രി ട്രെയിനില്‍ രക്ഷപ്പെടാന്‍ കണക്കുകൂട്ടിയിരുന്ന ക്രിസ്റ്റില്‍ രാജിനെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.  

വ്യാഴം പുലര്‍ച്ചെ 2.15നാണ് സമീപവാസി, പ്രതിക്കൊപ്പം കുട്ടിയെ കണ്ടത്. സംശയം തോന്നി അയല്‍ക്കാരെയുംകൂട്ടി അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിയ ഉടന്‍ പൊലീസിനെ അറിയിച്ചു. പട്രോളിങ് സംഘമുള്‍പ്പെടെ കുതിച്ചെത്തുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പീഡനത്തിനിരയാക്കിയെന്നും അമ്മയുടെ ഫോണ്‍ നഷ്ടമായെന്നുമുള്ള വിവരങ്ങളാണ് ആദ്യം പൊലീസിന് ലഭിച്ചത്. പ്രതി മലയാളം സംസാരിച്ചെന്നും മനസ്സിലായി.

സിസിടിവി ദൃശ്യങ്ങളും നഷ്ടമായ മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് ഉടന്‍ അന്വേഷണം തുടങ്ങി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തെയും ടവര്‍ ലൊക്കേഷന്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലങ്ങളിലെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങളുമെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടില്‍നിന്ന് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഈ ദൃശ്യങ്ങള്‍ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബാറുകള്‍, അതിഥിത്തൊഴിലാളികളുടെ  താമസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചു. ഇതിനിടയില്‍ പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ക്രിസ്റ്റില്‍ രാജിനെ തിരിച്ചറിഞ്ഞതിനൊപ്പം ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരങ്ങളുമെടുത്തു.

അതിനിടെ പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതി മാര്‍ത്താണ്ഡവര്‍മ പാലത്തിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. രാത്രി പുറത്തിറങ്ങി ട്രെയിന്‍ കയറുകയായിരുന്നു ലക്ഷ്യം. അപ്പോഴേക്കും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എസ് എസ് ശ്രീലാലും സംഘവും ക്രിസ്റ്റില്‍ രാജിനെ കണ്ടെത്തുകയായിരുന്നു. സമയം പകല്‍ 3.30നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടിയ പ്രതിയെ സിഐടിയു അംഗങ്ങളായ ചുമട്ടുതൊഴിലാളികള്‍ പുഴയിലേക്ക് ചാടി പ്രതിയെ കരയ്ക്കെത്തിച്ച് ആലുവ ഇന്‍സ്പെക്ടര്‍ എം എം മഞ്ജുദാസിന് കൈമാറുകയായിരുന്നു.

പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു രീതി. ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍ സമീപത്തെ വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലും പ്രതിയാണ്. ആലുവയില്‍ മുന്‍പു പ്രതി മേസ്തിരിപ്പണിക്കായി എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുറ്റവാളികള്‍ക്കിടയില്‍ ക്രിസ്റ്റില്‍ രാജ് അറിയപ്പെടുന്നത് 'കൊക്ക്' എന്ന പേരിലാണ്. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവും മൂലമാണു 'കൊക്ക്' എന്ന ഇരട്ടപ്പേരില്‍ ക്രിസ്റ്റില്‍ രാജ് കുറ്റവാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണു ഇയാള്‍ ചുറ്റിക്കറങ്ങുക. അവിടെ മോഷണം നടത്തി മോഷണമുതല്‍ അവര്‍ക്കു തന്നെ കിട്ടുന്ന വിലയ്ക്കു വില്‍ക്കുന്നതാണു രീതിയെന്നു പൊലീസ് പറയുന്നു.

ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോര്‍ഡ്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളില്‍ പ്രതിയാണു എന്നു കണ്ടെത്തിയത്. തോട്ടയ്ക്കാട്ടുകര ന്യൂലെയ്‌നിലെ വീടുകളില്‍ നിന്നു കഴിഞ്ഞയാഴ്ച ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്നു സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമുള്ള ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കേസില്‍ ക്രിസ്റ്റിന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു മോഷണക്കുറ്റത്തിനു നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും പിടിയിലായി. ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാനും അറിയാമെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com